Tuesday, October 30, 2007

ഒരു മേയ്ക്കപ്പ് മോഹത്തിന്റെ പര്യവസാനം !!

“ഈ അമ്മയ്ക്ക് മഞ്ഞളും, ചന്ദനോമൊക്കെ തേച്ച് നീരാട്ട് നടത്തിക്കാന്‍ തോന്നിയ നേരത്ത് വല്ല ഫൌണ്ടേഷനോ, മസ്ക്കാരയോ, ലിപ്സ്റ്റിക്കോ ഒക്കെ തേച്ചുപിടിപ്പിക്കാന്‍ തോന്നിയിരുന്നേല്‍ ഇപ്പൊ ദാ ഈ ഒടുക്കത്തെ കണ്‍ഫ്യൂഷന്‍ ഉണ്ടാവുമായിരുന്നോ എന്റെ മേയ്ക്കപ്പുഭഗവതീ .... !!! “
ഡോളര്‍ സ്റ്റോറില്‍ നിന്ന് അവള്‍ മേയ്ക്കപ്പു ഭഗവതിയെ വിളിച്ച് പൊട്ടിക്കരഞ്ഞു. പല ഷേപ്പിലും, നിറത്തിലും നിരന്നിരിക്കുന്ന മേയ്ക്കപ്പു സാമഗ്രികള്‍ അവളെ നോക്കി കൊഞ്ഞനം കുത്തി. ഓരോന്നിന്റേയും പിറകില്‍ ഭൂതക്കണ്ണാടി വെച്ച് അവള്‍ ‘എ’ മുതല്‍ ‘ ഇസെഡ്’ വരെ പെറുക്കിയെടുത്ത് കൂട്ടിവായിച്ചു. അക്ഷരങ്ങള്‍ വാക്കുകളാവാതെ അവള്‍ക്കു മുന്നില്‍ നിന്ന് നൃത്തം ചെയ്തു. പെരുത്തു വന്ന കലിയില്‍ , കയ്യില്‍ കിട്ടിയ മുട്ടന്‍ പേനെ അവള്‍ ഞെരുക്കിക്കൊന്നു.
“ നീയിങ്ങനെ കുത്തിയിരുന്നാല്‍ തലയിലെ പേന്‍ തീരുമെന്നല്ലാതെ , നിന്റെ മോന്ത സുന്ദരമാവൂല്ല. അമേരിക്ക മുഴുവന്‍ നിരന്നു കിടക്കുന്ന നിന്റെ കൂട്ടുകാരീസില്‍ ആരേയെങ്കിലും ഒന്ന് വിളിച്ചു ചോദിക്കരുതോ ?? “
ഡോളര്‍ സ്റ്റോറിലൂടെ കാന്താരിയുമായി ഓട്ടമത്സരം നടത്തിക്കൊണ്ടിരുന്ന കാന്തന്‍ ഉപദേശാമൃതവുമായി എത്തി.
‘ഹൊ..എന്നാപ്പിന്നെ ഒന്ന് കുത്തുക തന്നെ . മഴവില്ലു പോലെ മുഖത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ലവള്‍ക്ക് ഇക്കാര്യത്തില്‍ ഗാഡമായ അവഗാഹം കാണാതിരിക്കില്ല. വിളിക്കുക തന്നെ !‘
മുന്നില്‍ തൂങ്ങിയാടുന്ന ലിപ്സ്റ്റിക്കുക്കളുടേയും, നീണ്ടു കൂര്‍ത്ത പല തരം പെന്‍സിലുകളുടേയും , ചതുരത്തിലും, വട്ടത്തിലുമൊക്കെ നിരന്നിരിക്കുന്ന പലതരം പേരറിയാത്ത മേയ്ക്കപ്പ് സാധനങ്ങളുടേയും ഇടയില്‍ നിന്ന് അവള്‍ വിളിച്ചു.
“ഹലോ.................”
അവളുടെ പൊതുവിഞ്ജാനം വാനോളം ഉയര്‍ന്നു. ആ ഒറ്റ വിളിയിലൂടെ അവള്‍ നേടിയ അറിവുകള്‍ താഴേ പറയുന്നവയാണ്.
1) ലിപ്സ്റ്റിക് - ചുണ്ടില്‍ തേക്കാം. [ ഇത് അവള്‍ക്ക് പണ്ടേ അറിയാം,പിന്നല്ലേ..] ബട്ട് കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ധരിക്കുന്ന ഉടുപ്പിനു മാച്ചായ പല വിധം ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.
2) ചതുരവട്ട സാധനങ്ങള്‍ - ഇത് ഫൌണ്ടേഷന്‍, ഐ ഷാഡോസ് തുടങ്ങിയ ഐറ്റംസ് ആണ്. മുഖത്തും, കണ്‍പോളകളിലും തേച്ചു പിടിപ്പിക്കാം. പല നിറങ്ങളില്‍ ഇവയും ലഭ്യമാണ്.
3) കൂര്‍ത്ത മുനയുള്ള പെന്‍സില്‍- കാന്താരീടെ കളര്‍പെന്‍സില്‍ ആണെന്ന ധാരണ തെറ്റ് ! പൊട്ടത്തെറ്റ് !! അത് കൊണ്ട് കളര്‍ കൊടുക്കുന്നത് ചുണ്ടില്‍ ആണ്. ലിപ്സ്റ്റിക് ഇടുന്നതിനു മുന്നേ ചുണ്ട് ഇഷ്ടമുള്ള ഷേപ്പില്‍ വരയ്ക്കാം. അതിനു ശേഷം ലിപ്സ്റ്റിക് ഇടാം.

അവള്‍ ഓരോന്നും എടുത്ത് നേരേ പിടിച്ചും, തലകുത്തിപ്പിടിച്ചും നോക്കി. വലിയ കാര്‍ട്ടുകളുമായി [ സാധനങ്ങള്‍ വാരി വലിച്ച് ഇടുകയും, ഒപ്പം മൂന്നു സന്താനങ്ങളെ വരെ ഇരുത്തുകയും ചെയ്യാവുന്ന ഉന്തുവണ്ടി ] ആളുകള്‍ അടുത്തു വരുമ്പോള്‍ പെറ്റു വീണതേ ഇതിലോട്ടാണെന്ന ഭാവത്തില്‍ നിന്നു. ഒരു കയ്യില്‍ ചുവപ്പു നിറമുള്ള ലിപ്സ്റ്റികും, മറുകയ്യില്‍ പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കുമായി അവള്‍ ആനന്ദനൃത്തം ചെയ്തു.

അമേരിക്കയില്‍ വന്നപ്പോള്‍ മുതലുള്ള മോഹമാണ് ഇതൊക്കെ ഒന്ന് തേച്ചു പിടിപ്പിക്കണമെന്ന് . പലപല വിശാലമായ ഷോറൂമുകളിലും ചെന്ന് അവള്‍ മേയ്ക്കപ്പ് ബോക്സ് തിരഞ്ഞു. അമ്മയുടെ ആഭരണപ്പെട്ടി പോലെ മനോഹരമായ പല പെട്ടികളും കണ്ട് അവളുടെ കണ്ണൂകള്‍ വിടര്‍ന്നു. പക്ഷേ ആ പെട്ടികളില്‍ ഒട്ടിച്ചു വെച്ച വലിയ സ്റ്റിക്കറില്‍ അവളുടെ കണ്ണുകള്‍ ഉടക്കിനിന്നു. അറുപതും, എഴുപതും ഡോളറുകള്‍ അവള്‍ ഗൂണിച്ചും, ഹരിച്ചും കണക്കുബുക്കില്‍ വെട്ടിത്തിരുത്തി. മേയ്ക്കപ്പ് മോഹം കുഴിച്ചു മൂടി അതിനു മുകളില്‍ മഞ്ഞള്‍ നടണം എന്നവള്‍ തീരുമാനിച്ചു. അപ്പോഴാണ് അവള്‍ ചെയ്ത നേര്‍ച്ചകളുടെ ഫലം പോലെ , മുജ്ജന്മസുകൃതം പോലെ “ ഡോളര്‍ സ്റ്റോര്‍ “ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഡോളര്‍ ഭഗവതി അവള്‍ക്കു മുന്നില്‍ അവതരിക്കുകയായിരുന്നു. എന്തെടുത്താലും ഒരേയൊരു ഡോളര്‍ ! എന്നും രാത്രി ഉറങ്ങുന്നതിനു മുന്നേയും, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അവള്‍ ഡോളര്‍ ഭഗവതിയെ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ദിവസവും,മുഹൂര്‍ത്തവും കുറിപ്പിച്ച്, രാഹുകാലം നോക്കി അവള്‍ കുടുംബസമേതം പുറപ്പെട്ടതാണ് ഡോളര്‍ സ്റ്റോറിലേയ്ക്ക്.

താനിപ്പൊ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ക്കു തോന്നി. ലിപ്സ്റ്റിക്കും, ഫൌണ്ടേഷനും, കളര്‍പെന്‍സിലും അവള്‍ മാറിമാറിയെടുത്ത് നോക്കി നിന്നു ...
“ഇതിനാണോ ഈ ആത്മനിര്‍വൃതി എന്നു പറയുന്നത് ??! “ അവള്‍ ചിന്തിച്ചു.
കാന്താരിയുടെ പിറകേ ഓടിയോടി കാന്തന്റെ കാലുകള്‍ കുഴഞ്ഞു. എത്രയും വേഗം വീട്ടിലെത്തിയില്ലെങ്കില്‍ കാന്താരി അമേരിക്ക മുഴുവന്‍ കാല്‍നട ജാഥ നടത്തിക്കുമെന്ന് കാന്തന്‍ ഭയന്നു. കാന്തന്റെ തിരക്കുകൂട്ടലിനെ വകവെക്കാതെ അവള്‍ ഐറ്റംസ് തിരഞ്ഞു. ചുവന്ന നിറമുള്ള ഒരു ലിപ്സ്റ്റിക്കും , ഒരു ചതുരപ്പെട്ടിയും അവള്‍ എടുത്തു. കളര്‍ പെന്‍സില്‍ അവള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി . യേയ്.. എന്തിന് ?? !! അതിമനോഹരമായ ചുണ്ടുകള്‍ ഉള്ള താനെന്തിനു ഇനി ചുണ്ട് വരച്ചുണ്ടാക്കണം !! അവള്‍ കളര്‍പെന്‍സിലിനെ കൊഞ്ഞനം കാട്ടി. ലിപ്സ്റ്റിക്കും, ചതുരപ്പെട്ടിയും ബില്ലു ചെയ്യാന്‍ പോലും കൊടുക്കാന്‍ അവള്‍ക്കു മനസ്സില്ലായിരുന്നു. ഡോളര്‍ സ്റ്റോറില്‍ നിന്നു തന്ന കവര്‍ തലയിലും, താഴത്തും വെക്കാതെ അവള്‍ വീട്ടിലെത്തിച്ചു.

അന്നു മുതല്‍ അവള്‍ മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. മുഖത്ത് ചതുരപ്പെട്ടിയിലെ പൊടി അവള്‍ വാരിവാരി ഇട്ടു. ചുണ്ട് കടും ചുവപ്പു നിറമാക്കി. കാന്താരിയും, കാന്തനും ‘ഗോഷ്ടികള്‍ ‘ എന്നു പറഞ്ഞ് അവളുടെ സൌന്ദര്യബോധത്തെ പുച്ഛിച്ചു തള്ളി. ഓരോ തവണയും സൌന്ദര്യം ഇരട്ടിപ്പിച്ച് അവള്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ “ഇതെല്ലാം വാരി തേച്ചിട്ടും എനിക്കൊരു മാറ്റോം തോന്നുന്നില്ല ‘ എന്നു പറഞ്ഞ് അരസികന്‍ കാന്തന്‍ അവളെ പരിഹസിച്ചു. പക്ഷേ പരിഹാസത്തിന്റെ ആ കൂര്‍ത്ത മുനകള്‍ അവളുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ തട്ടി ഒടിഞ്ഞു. ഓരോ തവണയും പുറത്തു പോയ് വന്ന് മുഖം കഴുകുമ്പോള്‍ തന്റെ സൌന്ദര്യം ചെറിയ ചെറിയ കുരുക്കളായി കവിളുകളില്‍ പൊങ്ങുന്നത് അവള്‍ കണ്ടു. ‘ആദ്യായി മേയ്ക്കപ്പ് ചെയ്യുന്നതിന്റെയാവും ! ‘ അവള്‍ അവളെത്തന്നെ സമാധാനിപ്പിച്ചു. ഒരു കുരുവിനും അവളെ മേയ്ക്കപ്പില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ല. ഒടുവില്‍ കുരുക്കള്‍ കൂട്ടം കൂട്ടമായി വന്ന് അവളെ പേടിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണാടിയില്‍ കണ്ട രൂപം കണ്ട് അവള്‍ പേടിച്ചു നിലവിളിച്ചു. തള്ളി നിന്ന കുരുക്കളില്‍ നിന്ന് പൊട്ടിയൊലിച്ച ചലം കണ്ണീരില്‍ കലര്‍ന്നു. അവള്‍ ചതുരപ്പെട്ടി കയ്യിലെടുത്തു. ഒന്നുകൂടി നോക്കി. പിറകില്‍ എഴുതിയ അക്ഷരങ്ങള്‍ അവ്യക്തമായിരുന്നു. അവള്‍ അത് കൂട്ടിവായിക്കാന്‍ ശ്രമം നടത്തി. മാഞ്ഞു തുടങ്ങിയ അക്ഷരങ്ങളില്‍ നിന്ന് അവള്‍ ‘ഇ’, യും, ;വൈ’ യും, പിന്നേയും ഒരു ‘ഇ’ യും തപ്പിയെടുത്തു. അവള്‍ ഞെട്ടി ! അപ്പോള്‍ ഇത് ഫൌണ്ടേഷനല്ല , എഴുത്തിയിരിക്കുന്നത് ‘ഐ” യുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്.
“ ഭഗവതീ ഇത് കണ്ണീത്തേച്ചിരുന്നേലോ ????!! “ അവള്‍ക്ക് ഓര്‍ക്കാനേ കഴിഞ്ഞില്ല. കണ്ണീ വരാനിരുന്നത് മോന്തേല്‍ വന്നെന്ന് പറഞ്ഞാ മതീല്ലോ !!
അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു .....

Thursday, October 25, 2007

അവനും,അവളും പിന്നെ പമ്മന്റെ നോവലുകളും...!

ഹൃദയം പ്രേമസുരഭിലവും ശരീരം വികാരതരളിതവുമായ കാലം.വീട്ടുകാര്‍ അറിഞ്ഞും, അറിയാതെയും ഫോണ്‍ നെഞ്ചോടു ചേര്‍ത്ത് , ഫോണ്‍സ്റ്റാന്‍ഡിനരികില്‍ ഇട്ടിരിക്കുന്ന സെറ്റിയില്‍ നിന്നും, നടന്നും, കിടന്നും..മണിക്കൂറുകള്‍ പിറുപിറുത്ത് തകര്‍ത്തു പ്രേമിക്കുന്ന സമയം..ബി.എസ്.എല്‍ കാരുടെ ബിസ്സിനസ്സ് അവളുടെ വീട്ടില്‍നിന്നടയ്ക്കുന്ന ഫോണ്‍ ബില്ലു കൊണ്ടു തന്നെ തഴച്ചു വളരുന്നതിന്റെ ആഘോഷം എല്ലാമാസവും നാലക്കങ്ങളില്‍ കുറയാതെയുള്ള ബില്ലും കയ്യിലേന്തി ആടിത്തിമര്‍ക്കുന്ന അച്ഛന്‍. എസ്.റ്റി.ഡി. പരിധിയിലുള്ള ചെക്കനെ കല്ല്യാണമുറപ്പിച്ചതും പോരാ..ഒന്നൊന്നര വര്‍ഷം കഴിഞ്ഞേ കല്ല്യാണമുള്ളൂ എന്ന് തന്നിഷ്ടം കാട്ടിയ അപ്പനുമമ്മയ്ക്കും കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ മാസാമാസം എത്തുന്ന ഇത്തരം ബില്ലുകളാണെന്ന് അവളേപ്പോലുള്ള വിളഞ്ഞവിത്തുകള്‍ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! എന്തായാലുംഅച്ഛന്റെ പലവിധ വേഷപ്പകര്‍ച്ചകള്‍ക്കു മുകളില്‍ ഫോണുമായി അവള്‍ ഇങ്ങേത്തലയ്ക്കലും,പ്രതിശ്രുതവരന്‍ അങ്ങേത്തലയ്ക്കലും നടന്നു.അവര്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ രണ്ടു വീട്ടിലേയും ഓള്‍ഡ് കപ്പിള്‍സ് പരസ്പരംവിളിച്ച് ബില്ലു കയ്യിലേന്തി നേര്‍ച്ച നടത്തി.

സൂര്യനു താഴേയുള്ള സകല ചരാചരങ്ങളെ പറ്റിയും തങ്ങള്‍ക്ക് അഗാധമായ അറിവുണ്ടെന്ന് വധുവും,വരനും പരസ്പരം വിശ്വസിപ്പിച്ചു. അവന്‍ പലതരം സോഫ്റ്റ് വെയറിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു. അവള്‍ക്കറിയാവുന്ന ഒരേയൊരു വയറില്‍ അപ്പോള്‍ അന്നു കഴിച്ച ചാപ്പാത്തിയില്‍ കോഴികള്‍ കൊത്തിപ്പറക്കുകയായിരുന്നു. എന്നിട്ടും എല്ലാമറിയാമെന്ന ഭാവത്തില്‍ അവള്‍ പലവിധശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. അവനെ തോല്‍പ്പിക്കാന്‍ അവള്‍ ലോകത്തുള്ള സകല പുസ്തകങ്ങളുടേയും പേരുകള്‍ നിരത്തി.എഴുത്തുകാര്‍ക്കുമുന്നില്‍, പുസ്തകങ്ങള്‍ക്കുമുന്നില്‍.. അവന്റെ സോഫ്റ്റ്വെയറുകള്‍ നിലമ്പൊത്തുമെന്ന സ്ഥിതിയില്‍..അതാ..അവന്റെ ചോദ്യം..
."പമ്മന്‍ടെ നോവലുകള്‍ വായിച്ചിട്ടുണ്ടോ??"..
തലയില്‍ തേങ്ങ വീണതു പോലെ തോന്നി. ഭൂലോകവായനക്കാരിയായി അഭിനയിച്ച് ക്ഷീണിച്ചവശയായി നില്‍ക്കുമ്പോഴാണ് 'പമ്മന്‍'എന്ന വന്‍ബോംബ് ദാ പൊട്ടുന്നത്. മലയാളത്തിലെ സകല ചില്ലക്ഷരങ്ങളും വായിലിട്ട് വിഴുങ്ങി അവള്‍ ഓക്കാനിച്ചു. പഞ്ചാരയില്‍ മുക്കി അവള്‍ അവനെ വിളിച്ചു. [ വിഷയം മാറ്റാന്‍ പെണ്ണിനാണോപാട്]!ആ വിളിയില്‍ അവന്റെ ചോദ്യങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.
അപ്പോള്‍ അവള്‍മനസ്സില്‍ കുറിക്കുകയായിരുന്നു..
"നാളെ തന്നെ പമ്മന്റെ പുസ്തകങ്ങള്‍ തേടിപ്പിടിക്കണം. എല്ലാറ്റിന്റേയുംആമുഖം വായിച്ച് എല്ലാം വായിച്ചിട്ടുണ്ടെന്ന് വരുത്തണം.."
അന്നത്തെ ബി.എസ്.എന്‍ .എല്‍ സേവ കഴിഞ്ഞിട്ടും അവള്‍ക്ക് ഉറങ്ങാന്‍കഴിഞ്ഞില്ല. .രാത്രി വളര്‍ന്ന് വളര്‍ന്ന് പകലിനെ വിഴുങ്ങുന്നതായി അവള്‍ക്ക് തോന്നി. പമ്മനെ കുറിച്ച് മലയാളം ഡിഗ്രി വിദ്യാര്‍ത്ഥിയായിട്ടുകൂടി അറിയില്ലെന്ന് ഓര്‍ത്തപ്പോള്‍ സൈഡിലെ മേശയില്‍ ഇരുന്ന് വലിഞ്ഞുകറങ്ങിയ ടേബിള്‍ ഫാനെ അവള്‍ ശപിച്ചു. തിരിഞ്ഞും,മറിഞ്ഞും കിടന്ന് അവള്‍ നേരം വെളുപ്പിച്ചു. ആ പകലു മുഴുവന്‍ അവള്‍ പമ്മനോടൊപ്പമായിരുന്നു. പമ്മന്റെ ഒരു കഥ പോലും വായിച്ചിട്ടില്ലെന്ന ദുഖം സഹിക്കാന്‍ വയ്യാഞ്ഞ് അന്ന് അവള്‍ നിരാഹാരം കിടന്നു. വായനയുടെ വഴികളിലേക്ക് അവളെ തിരിച്ച നാട്ടിലെ ആ വായനശാലയെ അന്നാദ്യമായി അവള്‍ ശപിച്ചു. ഈ വായനശാലയ്ക്കൊക്കെ 'നാലു'മണിക്കു മുന്നേതുറന്നാലെന്താ?! അവള്‍ പിറുപിറുത്തു. നിമിഷങ്ങള്‍ യുഗങ്ങളായി അവള്‍ക്കുതോന്നി.എങ്ങിനെയൊക്കെയോ അവള്‍ അന്ന് നാലുമണി വരെ കഴിച്ചുകൂട്ടി.

അന്ന് സുകുമാരന്‍ ചേട്ടനും, അവളും ഒപ്പമാണ് വായനശാലയില്‍ എത്തിയത്. സുകുമാരന്‍ ചേട്ടന്‍- വായനശാലയിലെ പുസ്തകം സൂക്ഷിപ്പുകാരന്‍! സുകുമാരന്‍ചേട്ടനു ഒരു പ്രത്യേക സ്നേഹമാണ് അവളോട്. അതിനു തെളിവാണല്ലോ അവളുടെകാര്‍ഡില്‍ കൊള്ളാത്ത പുസ്തകങ്ങള്‍ [ തെറ്റിദ്ധരിക്കരുത്,എണ്ണം മാത്രമാണ്ഉദ്ദേശിച്ചത്! ] എന്നും നല്‍കുന്നത്. സുകുമാരന്‍ ചേട്ടന്‍ അകത്തു കടന്നു,അവളും. രെജിസ്റ്ററും മറ്റും എടുത്ത് സുകുമാരന്‍ ചേട്ടന്‍ ഒരുങ്ങുമ്പോഴേക്കും അവള്‍ അലമാരകളില്‍ പമ്മനെത്തിരയാന്‍തുടങ്ങിയിരുന്നു. ഇളം തവിട്ടുനിറമായ പേജുകളും,,പലതരം വായനകളുടേയും,ചിന്തകളുടേയും മണവും നിറഞ്ഞ പഴയ പുസ്തകങ്ങള്‍ക്കിടയിലൂടെ അവള്‍ വിരലോടിച്ചു. വായനശാലയിലെ പുസ്തകങ്ങളുടെ മണം അവള്‍ക്കേറെ പ്രിയപ്പെട്ടതായിരുന്നു. ഇല്ല,ഇന്ന് വന്നത് പുസ്തകങ്ങള്‍ ആസ്വദിക്കാനല്ല..പമ്മന്റെപുസ്തകങ്ങള്‍ക്കായി അവള്‍ അങ്ങുമിങ്ങും നടന്നു..

ഇതിനിടയില്‍ സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ ചിലര്‍ വായനശാലയിലെത്തി. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മുതല്‍ അങ്ങേര്‍ തന്നെ ഉണ്ടാക്കിയ പരസ്പരാകര്‍ഷണം എന്ന തിയറി മൂലം അമ്പലങ്ങള്‍, വിവാഹാഘോഷങ്ങള്‍ തുടങ്ങി പലയിടങ്ങളില്‍ വെച്ചും പരസ്പരം കണ്ണും,കണ്ണുമെറിയുകയും,ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ നല്ല പിള്ള ചമയുകയും ചെയ്ത പല പയ്യന്‍സും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ ആണിന്റെ വിവാഹം ഉറപ്പിച്ചു എന്നു കേട്ടാല്‍പിന്നെ ആ പരസ്പരാകര്‍ഷണ സിദ്ധാന്തം പ്രാവര്‍ത്തികമാവില്ല എന്നാണല്ലോഅതിന്റെ റിവേഴ്സ് തിയറി! എന്തായാലും അല്‍പ്പംതലക്കനത്തോടെ തന്നെ അവരുടെയൊക്കെ മുന്നിലൂടെ എല്ലാ വിരലിലും പുസ്തകങ്ങള്‍തിരുകി അവള്‍ നടന്നു..
ഇടയ്ക്ക് ഒരു ഒന്നൊന്നരഘനത്തില്‍ സുകുമാരന്‍ചേട്ടനോടു ചോദിച്ചു..
"ചേട്ടാ..ഈ പമ്മന്റെ ബുക്സ് ഒക്കെ എവിടെയാ..???"
ചോദ്യം കേട്ടതും സുകുമാരന്‍ ചേട്ടന്റെ പുരികങ്ങള്‍ ചുളിഞ്ഞു.
പയ്യന്‍സില്‍ പലരും തല നയന്റി ഡിഗ്രി വെട്ടിച്ച് അവളെ നോക്കി.
"ഞാന്‍ പമ്മന്റെ കുറേ ബുക്സ് വായിച്ചിട്ടുണ്ട്,,പക്ഷേ അതൊക്കെ കോളേജിലെലൈബ്രറിയില്‍ നിന്നാ. അതുകൊണ്ട് ഇവിടെ എവിടെയാ വെച്ചിരിക്കുന്നത് എന്നറിയില്ല.."
വായനക്കുറവ് മറ്റാരും അറിയാതിരിക്കാന്‍ അവള്‍ വെച്ചുകാച്ചി. അതു കേട്ടതും സുകുമാരന്‍ ചേട്ടന്റെ മുഖം വലിഞ്ഞുമുറുകി.പയ്യന്‍സ് അടക്കിച്ചിരിക്കുന്നത് അവള്‍ കണ്ടു.
അവള്‍ അവളെത്തന്നെസൂക്ഷിച്ചു നോക്കി..ഇനി വല്ല ഏടാകൂടവും...?...യേയ്..ഇല്ല..സുന്ദരി തന്നെ!അവളെക്കുറിച്ചോര്‍ത്ത് അവള്‍ക്കു കോരിത്തരിച്ചു.
"എവിടെ പമ്മന്‍??" എന്ന മുഖഭാവവുമായി അവള്‍ സുകുമാരന്‍ ചേട്ടനെ തുറിച്ചു നോക്കി.
"പമ്മന്റെ ബുക്ക് എല്ലാം വായിക്കുന്നതിനു പകരം ദാ ഇതു വായിച്ചാ മതി.."
സെക്കന്റ് ഷോക്ക് ബിന്ദു ടാക്കീസില്‍ ആളുകള്‍ ഇരിക്കുമ്പോലുള്ള മീശചൂണ്ടുവിരല്‍ കൊണ്ട് മാടിയൊതുക്കി പയ്യന്‍സിലൊരാള്‍ ഒരു പുസ്തകം അവള്‍ക്കുനേരെ നീട്ടി.
"താങ്ക്സ്..ഞാന്‍ ഒരുവിധം എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.." ഒരിക്കല്‍ കൂടി അഹങ്കാരം വാക്കില്‍ കുത്തി നിറച്ച് അവള്‍ ഞെളിഞ്ഞു. കയ്യിലിരുന്ന പുസ്തകത്തിന്റെ പുറന്തടി അപ്പോഴാണ് അവളുടെ ശ്രദ്ധയില്‍ പെട്ടത്.
"സെക്സ് പമ്മന്റെ നോവലുകളില്‍.."!!
അവള്‍ പുസ്തകം ഒന്നോടിച്ചു മറച്ചു. വായനശാല മണല്‍ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നവള്‍ക്ക് സംശയംതോന്നി. കാലിനടിയില്‍ നിന്നും ഊര്‍ന്നുപോയ മണലില്‍ അവള്‍ വഴുതിവീണു. വീഴുമ്പോഴും അവള്‍ പറഞ്ഞു.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."
വായനശാലയുടെ ഭിത്തില്‍ തട്ടിത്തെറിച്ച സിഗരിറ്റിന്റെ മണമുള്ള ചിരികള്‍അവളുടെ വാക്കുകള്‍ക്കു മേല്‍ പരന്നു. അവള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതായിതോന്നി. തപ്പിത്തടഞ്ഞ് അവള്‍ നടന്നു..പമ്മന്റെ ബുക്ക് അവളുടെ കാര്‍ഡില്‍കൊള്ളാതെ തള്ളിനിന്നു. വായനശാല വരാന്തയിലെ പ്രധാന വാര്‍ത്തയായി അവളും,പമ്മനും നിറഞ്ഞു നിന്നു.

സമയം രാത്രി പത്തുമണി.
രാത്രിയുടെ നിശബ്ദതയില്‍,നിലാവിനേയും,നിലാവില്‍ വിരിയുന്ന പൂക്കളേയും കൂട്ടുപിടിച്ച് ഈ സമയത്താണ് അവളും,അവനും പായ്യാരം പറയുക പതിവ്. അന്നും പതിവുപോലെ ഇഷ്ടപ്രാണേശ്വരിയുടെ കിളികൊഞ്ചലുകള്‍ക്കായ് അവന്‍ കാതുകൂര്‍പ്പിച്ചു. അവളും അവന്റെ വിളിക്കായ് കാത്തിരിക്കുകയായിരുന്നു..മറ്റെന്തിനോവേണ്ടിയായിരുന്നെന്നു മാത്രം!!!!!!!

Wednesday, October 24, 2007

ഒരായിരം വിശേഷങ്ങളുമായി അമ്മാമ്മ..!!

അമ്മാമ്മ- ഓര്‍മയില്‍ നിറയുന്നത് പച്ചരിച്ചോറിന്റെ മണവും,മൈദകൊണ്ടുണ്ടാക്കിയ വരണ്ട ചപ്പാത്തിയുടെ രുചിയുമാണ്. ആ കൊച്ചു വീടിന്റെ മുറ്റത്തെ സജീവസാന്നിദ്ധ്യമായിരുന്നു അമ്മാമ്മ. കഷ്ടി നാലടിപൊക്കവും,തുടുത്ത കവിളുകളും,പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയും , വാതോരാതെയുള്ള വിശേഷം പറച്ചിലുകളൂം-അമ്മാമ്മ കാഴ്ചയില്‍ ഒരുകുഞ്ഞിനേപ്പോലെ തോന്നിപ്പിച്ചു.അരയില്‍ മുറുക്കിയുടുത്ത കൈലിയും,ബ്ലൌസും-അതായിരുന്നു അമ്മാമ്മയുടെസ്ഥിരംവേഷം. കൈലിയുടെ വലത്തേ അറ്റം പൊക്കി മേലോട്ടു കുത്തി അമ്മാമ്മ കൊക്കോപ്പഴങ്ങള്‍ പെറുക്കിക്കൂട്ടി. പലപ്പോഴും അച്ഛന്റെ പിറകേ ശല്യമായിനടന്ന് അനുവാദം വാങ്ങി അമ്മാമ്മയുടെ വീട്ടിലേക്കോടുമായിരുന്നു,ആ കൊക്കോപ്പഴങ്ങളുടെ പുളിയും,മധുരവും നുണയാന്‍. റേഷനരിയിലെകല്ലും,പുഴുക്കളും പെറുക്കിക്കളഞ്ഞ് അമ്മാമ്മ വെക്കുന്ന ചോറിന്റെ മണം എന്നെ വല്ലാതെ കൊതിപ്പിക്കുമായിരുന്നു. വീടിന്റെ തിണ്ണയിലിരുന്ന് ഞാനും, അനിയത്തിയും പച്ചരിച്ചോറില്‍ തൈരു കൂട്ടിക്കുഴച്ച് വലിയ ഉരുളകളാക്കി വായിലേക്കെറിഞ്ഞു. ചോറുരുളകള്‍ കയ്യില്‍ ഞെരുങ്ങിയമര്‍ന്ന് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്കു തള്ളി.പിന്നീട് വളര്‍ന്നപ്പോള്‍[?] എപ്പോഴോ ആ മണം എനിക്കിഷ്ടമല്ലാതായി. പീച്ചിക്കുഴച്ചുണ്ണത് എനിക്കു നാണക്കേടായി!

അമ്മാമ്മയുടെ വീടും,എന്റെ വീടും തമ്മിലുള്ള വേര്‍തിരിവ് ചെറിയൊരു ഈടു മാത്രമാണ്. അപ്പുറം അമ്മാമ്മയും,ഇപ്പുറം അമ്മയും നിന്ന് ഒരുപാടുവിശേഷങ്ങള്‍ പങ്കിട്ടു. കിണറ്റിന്‍ കരയിലും,അലക്കു കല്ലിനു ചാരെയുംനിന്ന് അവര്‍ ആഗോളകാര്യങ്ങള്‍ സംസാരിച്ചു. അമ്മാമ്മയുടെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും അവസാനമുണ്ടായിരുന്നില്ല. ഒന്നിനു പിറകേ ഒന്നായി അവര്‍ വിശേഷങ്ങള്‍ അന്വേഷിച്ചു. 'ഇന്നലെ ആരാ വീട്ടില്‍ വന്നത്? അവരുടെ വീട്ടില്‍ ആരൊക്കെയാണ്? അവരുടെ മകളെ കല്ല്യാണം കഴിച്ചതെവിടേ? അവിടെആരൊക്കെ?"
അങ്ങിനെയങ്ങിനെ ചോദ്യങ്ങള്‍ ചങ്ങലകളായി പലപ്പോഴും അമ്മയെവരിഞ്ഞുമുറുക്കി. തൊണ്ടപൊട്ടുമാറുച്ചത്തില്‍ വീടിനകത്തുനിന്ന് ഞാന്‍വിളിക്കുന്ന വിളികള്‍ അമ്മയെ പലപ്പോഴും ആ ചങ്ങലകളില്‍ നിന്ന്മോചിതയാക്കി.

മുറ്റത്തിനരികില്‍ പടര്‍ന്നു പന്തലിച്ച പല തരം ചെമ്പരത്തികള്‍ കാലഭേദമില്ലാതെ ഇലപൊഴിച്ചു. മുറ്റമടിക്കല്‍ എന്ന വന്‍വിപത്ത് എന്റെ തലയിലായി.ചുലുമെടുത്ത് വീടിനു ചുറ്റും ഞാന്‍ നടത്തിപ്പോന്ന ഓട്ടപ്രദക്ഷിണം അമ്മ കയ്യോടെ പിടികൂടി. മുറ്റമടിക്കല്‍ എങ്ങിനെആനന്ദപ്രദമാക്കാം എന്ന് തലപുകഞ്ഞാലോചിച്ച് ഒടുവില്‍ ഞാനൊരു മാര്‍ഗ്ഗംകണ്ടെത്തി. എന്റെ വീട്ടില്‍ ഇല്ലാത്തതും,എന്നാല്‍ എനിക്ക് വേണമെന്ന് മോഹമുള്ളതുമായ കാര്യങ്ങള്‍ സ്വപ്നം കാണുക. ആ സ്വപ്നത്തിലൂടെ അങ്ങിനെ നടന്നു നടന്ന് മുറ്റമടിക്കുക..അങ്ങിനെ എന്റെ സ്ഥിരം സ്വപ്നങ്ങളില്‍വിരുന്നുകാരായി വെളുത്തു തുടുത്ത ഗോദറേജ് ഫ്രിഡ്ജും, ഇരുപത്തൊന്നിഞ്ച് ഒണീഡാ ടി.വിയും, എപ്പോഴും ബെല്ലെടിക്കുന്ന ഒരു വെളുത്ത ഫോണുമൊക്കെ ആടയാഭരണങ്ങളോടെ വിളയാടാന്‍ തുടങ്ങിയ കാലം..എന്റെ സ്വപ്നങ്ങള്‍ക്ക്കടയ്ക്കല്‍ കത്തി വെച്ച് അമ്മാമ്മ ഈടിനപ്പുറം ചൂലുമായി പ്രത്യക്ഷപ്പെട്ടു.പിന്നീട് മുറ്റമടിക്കലിനേക്കാള്‍ ഭാരമുള്ളതായി അമ്മാമ്മയുടെ കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത്!ചോദ്യങ്ങളുടെ ഭാരവും പേറി ,തളര്‍ന്നു വീണ ചെമ്പരത്തി ഇലകളോടൊപ്പം ഞാന്‍നിന്നു. എന്റെ മുറ്റമടിക്കല്‍ പ്രക്രിയ പ്രഭാതങ്ങളുടെ മുക്കാല്‍ സമയവും അങ്ങിനെ തൂത്തുവാരി. ഒടുവില്‍ അമ്മാമ്മയുടെ ഒരായിരം ചോദ്യങ്ങളെ തൂത്തെറിഞ്ഞ് ചൂലുമായി ഞാന്‍ എന്റെ സ്വപ്നങ്ങളോടൊപ്പം അമ്മാമ്മയ്ക്കു മുമ്പേയും,ചിലപ്പോഴൊക്കെ പിമ്പേയും പാഞ്ഞു.

വളര്‍ന്നപ്പോള്‍ പലപ്പോഴുംഅമ്മാമ്മയുമായുള്ള കൂടിക്കാഴ്ച്ചകള്‍ കിണറ്റിന്‍ കരയില്‍ മാത്രമായിഒതുങ്ങി..ഞാന്‍ ഒതുക്കി.പരിചയമുള്ള ഒരായിരം ആളുകളുടെ വിശേഷങ്ങള്‍ അമ്മാമ്മ നിരത്താന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പതുക്കെ അകത്തേക്കു വലിഞ്ഞ് തടിച്ച പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി. എന്റെ മുറിയുടെ ജനാല തുറക്കുന്നത് അമ്മാമ്മയുടെ മുറ്റത്തേക്കാണ്. ഞാന്‍ കഴിയുന്നതും ആ ജനാല അടച്ചിടാന്‍ ശ്രദ്ധിച്ചു. അങ്ങിനെ വിശേഷം പറച്ചിലുകള്‍ വല്ലപ്പോഴും മാത്രമായി. ഇടയ്ക്കിടെ അമ്മ ഓര്‍മിപ്പിക്കുമായിരുന്നു..'പ്രായമായ സ്ത്രീഅല്ലേ..ഇടയ്ക്ക് നിങ്ങള്‍ ചെല്ലണം.."

ഒടുവില്‍ അനേകം മൈലുകള്‍ക്കപ്പുറത്തേയ്ക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു..വിവാഹം! അവിടെ ഞങ്ങളുടെ ജനാലകള്‍ അടുത്ത വീടിന്റെ മുറ്റത്തേയ്ക്ക് തുറന്നില്ല. സ്വപ്നംകണ്ട് ഞാന്‍ മുറ്റമടിച്ചില്ല. അപ്പുറത്തെ മുറ്റത്തു നിന്ന് ഒരമ്മാമ്മയും ചോദ്യങ്ങള്‍ നിരത്തിയില്ല. മുറ്റമടിയ്ക്കാനെത്തുന്ന സരോജിനി ചേച്ചിയും,പിന്നീട് ജയശ്രീയും ചിലപ്പോഴെല്ലാം മതിലനപ്പുറത്തേക്ക് തലനീട്ടുന്നത് ഞാന്‍ കണ്ടു. വെളുത്തമുണ്ടും,ബ്ലൌസുമിട്ട് മാധവിയേടത്തി ജയശ്രീയോടും,സരോജിനി ചേച്ചിയോടുംസംസാരിച്ചു. വലുതായ ശേഷം അവിടെ നിന്നാണ് ആദ്യമായി അമ്മാമ്മയെ ഞാന്‍ സ്നേഹിച്ചത്. വിശേഷങ്ങള്‍ തിരക്കാന്‍, ഒരായിരം ചോദ്യങ്ങളുമായി മാധവിയേടത്തി എനിക്ക് അമ്മാമ്മയായി വരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.പക്ഷേ..മാധവിയേടത്തിയുടെ വീടിനും,ഞങ്ങളുടെ ആ വീടിനും ഇടയിലുള്ള മതില്‍ ഏറെ വലുതായിരുന്നു.
പിന്നീട് വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ അമ്മാമ്മയുടെ വിശേഷങ്ങള്‍ക്കൊപ്പം മുറ്റമടിക്കാന്‍ തുടങ്ങി. ചോദ്യങ്ങള്‍ പലപ്പോഴും ശ്വാസംമുട്ടിച്ചെങ്കിലും ഞാന്‍ അതും ആസ്വദിക്കുകയായിരുന്നു. പിന്നീട് ഏട്ടന്റെ ജോലി..സ്ഥലം മാറ്റങ്ങള്‍...അങ്ങിനെ ഞങ്ങള്‍ടെ ജീവിതംപല സ്ഥലങ്ങളിലായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം നാട്ടില്‍ പോകും. ഷൈജി ബേക്കറിയില്‍ [ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ പേരുകേട്ട ബേക്കറി എന്നുതന്നെ പറയാം..]നിന്ന് വാങ്ങുന്ന ലഡുവും,നെയ്യപ്പവും ആദ്യമായി കാണുന്നപലഹാരം പോലെ അമ്മാമ്മ കൈനീട്ടി വാങ്ങും. വാര്‍ദ്ധക്യത്തിന്റെ അസ്വസ്ഥതകളോടൊപ്പം,ചെറുപ്പം മുതലേ ഉണ്ടായിരുന്നഹൃദ്രോഗവും അക്കാലത്ത് അമ്മാമ്മയെ ഏറെ തളര്‍ത്തിയിരുന്നു.

അഹല്യാദേവിയുടെ നഗരത്തില്‍ [ ഇന്‍ഡോര്‍-മദ്ധ്യപ്രദേശ്] താമസമാക്കിയ സമയം. അവിടെ നിന്ന് വര്‍ഷത്തില്‍ രണ്ടുതവണ എന്ന രീതിയില്‍ നാട്ടില്‍ പോക്ക് പതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു അമ്മാമ്മയ്ക്ക് തീരെ വയ്യ,കിടപ്പാണ് എന്ന്. പോയി കാണണമെന്ന് വിചാരിച്ചെങ്കിലും പല തിരക്കുകള്‍ കൊണ്ട് അതങ്ങു നീണ്ടു. ഒടുവില്‍ തിരിച്ചു പോരാന്‍ രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ഓര്‍മവന്നത്. നേരത്തേ പോയി കാണാത്തതിനു അച്ഛന്റെ വക വഴക്കും കഴിഞ്ഞ് ഞാന്‍ എന്നത്തേയും പോലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ഒരു പൊതി നെയ്യപ്പവുമായി അമ്മാമ്മയെ കാണാന്‍ ചെന്നു. കട്ടിലില്‍ വിരിച്ചിട്ട പായയില്‍ പകുതിയും മൂത്രത്തില്‍ മുങ്ങിയിരുന്നു. വീടിനകത്തേയ്ക്കു കടന്നപ്പോള്‍ അനുഭവപ്പെട്ടത് പച്ചരിച്ചോറിന്റെ മണമായിരുന്നില്ല, മൈദ കൊണ്ടുണ്ടാക്കിയചപ്പാത്തിയുടെ മണമായിരുന്നില്ല..മറിച്ച്..വാര്‍ദ്ധക്യത്തിന്റെ മണമായിരുന്നു..എന്തൊക്കെയോ മരുന്നുകളുടെ മണമായിരുന്നു..!!എന്നെ കണ്ടതും അമ്മാമ്മ കട്ടിലിന്റെ കാലില്‍ പിടിച്ച് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ഞാന്‍ തലയിണകള്‍ ഭിത്തിയില്‍ ചേര്‍ത്തുവെച്ച് അതില്‍ ചാരി അമ്മാമ്മയെ ഇരുത്തി. ഉച്ചിയില്‍ കെട്ടിവെക്കാന്‍ അമ്മാമ്മയ്ക്ക് ഇപ്പോള്‍ മുടിയില്ല. ചേര്‍ത്തുവെട്ടിക്കളഞ്ഞിരിക്കുന്നു. തുടുത്ത കവിളുകള്‍ ഒട്ടി,മുഖം വലിഞ്ഞുമുറുകിയിരിക്കുന്നു. എന്റെ കയ്യിലെ നെയ്യപ്പം വാങ്ങാന്‍ അമ്മാമ്മ കൈകള്‍ നീട്ടി. വിറയല്‍കൊണ്ട് അതു വാങ്ങാന്‍ അമ്മാമ്മയ്ക്ക് ആവുമായിരുന്നില്ല.
"ഒരെണ്ണം എടുത്തു താ.." അവ്യക്തമായി അമ്മാമ്മ പറഞ്ഞു.
ഞാന്‍ഒരെണ്ണമെടുത്ത് മുറിച്ച് അമ്മാമ്മയുടെ വായില്‍ വെച്ചു കൊടുത്തു.'
വയ്യ..തീരെ വയ്യ.."
പറയുമ്പോള്‍ അമ്മാമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
'എണീക്കാനേ വയ്യാന്നതാ മോളെ വിഷമം. എത്ര നാളാ ഇങ്ങിനെ..!"
തൊണ്ടയില്‍ തടയുന്ന ഭാരം ഞാനറിഞ്ഞു. അതു വിങ്ങലായിപുറത്തേക്കൊഴുകാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.
'നീയെന്താ മോളെ കൊണ്ടരാഞ്ഞത്?? ഞാനെത്ര നാളായി അവളെ ഒന്ന് കണ്ടിട്ട്!"
"അമ്മു നല്ല ഉറക്കാണു അമ്മാമ്മേ. ഞാന്‍ അടുത്ത തവണ എന്തായാലും അവളെകൊണ്ടുവരാം.." അമ്മുവിനു അന്ന് ഒന്നരവയസ്സാകുന്നു. സ്ഥലംമാറ്റവും,യാത്രകളും അവളെ വല്ലാതെ തളര്‍ത്തിയിരുന്നു.പുഷ്പചേച്ചിയുടെ [ അമ്മാമ്മയുടെ മകള്‍] വിശേഷങ്ങളും, കാര്‍ത്തുചേച്ചിയുടെ വീടുപണിയും എല്ലാം അമ്മാമ്മ ആവും വിധം പറഞ്ഞു കേള്‍പ്പിച്ചു. ഇന്‍ഡോറിനെപറ്റിയും,ഏട്ടന്റെ ജോലിയെ പറ്റിയുമെല്ലാം എന്തൊക്കെയോ ചോദിച്ചു. കുറച്ചുസമയം സംസാരിച്ചപ്പോഴേക്കും അമ്മാമ്മയ്ക്കു വയ്യാതായി. എന്നോട് അമ്മാമ്മയെകട്ടിലില്‍ കിടത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ അമ്മാമ്മയുടെ അടുത്ത്കുറച്ചു സമയം കൂടി ഇരുന്നു. പോരാന്‍ നേരം അമ്മുവിനേം കൊണ്ട് അമ്മാമ്മയെകാണാന്‍ ചെല്ലണം എന്ന് ഒന്നുകൂടി ഓര്‍മിപ്പിച്ചു.
ഒപ്പംമറ്റൊന്നും..സ്ഥിരം അമ്മാമ്മ ശൈലിയില്‍...
'ദേ കൊച്ചിനു വയസ്സ് രണ്ടാവാറായി. ഇനി അടുത്തത് ആവാം ട്ടോ.."
തിരിഞ്ഞു നിന്ന് ഞാന്‍ അമ്മാമ്മയെ നോക്കി ചിരിച്ചു.'
'ഈ വിശേഷങ്ങളാണ്, ഈ സ്നേഹമാണ് കുറേ കാലം ഞാന്‍ എന്നില്‍ നിന്ന് അകറ്റാന്‍പാടു പെട്ടത്..പിന്നെ ..ഇതിനാണ് ഞാന്‍ ഏറെ കൊതിച്ചത്...നഷ്ടമായപ്പോഴാണ് ഈ സ്നേഹത്തിന്റെ വില ഞാന്‍ നന്നായി മനസ്സിലാക്കിയത്..' അമ്മാമ്മയോട്എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ..ഞാനിറങ്ങുമ്പോ‍ഴേക്കുംകട്ടിലില്‍ ചുരുണ്ടുകൂടി അമ്മാമ്മ ഉറങ്ങാന്‍ തുടങ്ങി.

2006- ജൂലൈ 3
അമ്മയുടെ ഫോണ്‍ അമ്മാമ്മയുടെ വേര്‍പാട് വിളിച്ചറിയിച്ചു. അമ്മാമ്മയോടുള്ള കടം വീട്ടാന്‍ എനിക്കായില്ല. അമ്മുവിനേയും കൊണ്ട് അമ്മാമ്മയെ ചെന്നു കാണാന്‍ പിന്നീട് എനിക്കു കഴിഞ്ഞില്ല. ഞങ്ങളുടെ അമ്മുവിനു കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയി ആ വിശേഷങ്ങള്‍.. അവള്‍ക്കോര്‍മിക്കാന്‍ ഇത്തരം ചോദ്യങ്ങളില്ല..വിശേഷങ്ങളില്ല...
മറ്റൊരാളുടേയും വിശേഷങ്ങളില്‍ ചെന്നു പെടാതെ, ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യത്തിന്റെ വിശാലമായ ഭൂമിക നല്‍കി ഈ നാട്ടില്‍ അവള്‍ വളരുന്നു. അവള്‍ക്കോര്‍മിക്കാന്‍ പച്ചരിച്ചോറിന്റെ മണമില്ല...മൈദ കൊണ്ടുള്ള ചപ്പാത്തിയുടെ രുചിയില്ല..നാട്ടിന്‍ പുറത്തിന്റെ നന്മകളില്ല. എങ്കിലുംഇന്ന് എന്റെ വാക്കുകളിലൂടെ അവള്‍ അറിയുന്നു ഓരോന്നും...

ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് അവളുടെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ്.. 'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള്‍ തനിച്ച്................??"