Thursday, August 23, 2007

ഓര്‍മയിലെ ഓണം..

“ഓനത്തപ്പന്‍ ഇങ്ങോറ്റും വരോ അമ്മേ..?”
അമ്മുവിന്റെ മനസ്സുനിറയെ പൂക്കളവും,മാവേലിയുമായിരുന്നു.വാമനന്റെ വരവും, ചവിട്ടിത്താഴ്ത്തലുമൊന്നും അവള്‍ക്ക് രസിച്ചിട്ടില്ല എന്ന് കഥ പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു.
“വാമനനെ നാന്‍ ‘ദോശണ്ടാക്കന കവികൊണ്ട് അടിച്ചും’“
അവള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. [ഇവിടെ നല്ല പുളിവടിയോ, പേരക്കൊമ്പോ ഒന്നും കിട്ടാത്തതുകൊണ്ട് അവളുടെ അടുത്ത് നേടിപ്പോകാന്‍ എന്റെ ആയുധം ദോശ മറിച്ചിടുന്ന തടികൊണ്ടുള്ള ഒരു തവി മാത്രമാണ്.]അവളുടെ കുഞ്ഞിക്കണ്ണുകളില്‍ പൂക്കളം വിരിയുന്നത് ഞാന്‍ കണ്ടു. മാവേലി വരുന്നത് സങ്കല്‍പ്പിച്ച് അവള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ ടെഡി ബിയറിനെ കുറിച്ച്, പൂമ്പാറ്റകളോടൊപ്പം ഓടിനടന്ന പൂപ്പിയെ കുറിച്ച്..അങ്ങിനെയങ്ങിനെ അവളുടെ ലോകം മാവേലിയുമായ് പങ്കുവെക്കുകയാണ് അവള്‍.

അമ്മുവിനു നഷ്ടങ്ങള്‍ ഏറെയാണ്. ഓടിനടന്ന് പൂപറിക്കാന്‍ അവള്‍ക്കിവിടെ തെക്കേപ്പറമ്പോ,വടക്കേപ്പറമ്പോ ഇല്ല. ചാണകം മെഴുകി പൂവിടാന്‍ മുറ്റമില്ല. ഓണത്തപ്പനെ ഉണ്ടാക്കാന്‍ പുറ്റുമണ്ണില്ല. ഓരോന്നും പറഞ്ഞുകൊടുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് അവളുടെ മോഹങ്ങളാണെന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. ഒരുക്കണം അവള്‍ക്കായി ഒരു പൂക്കാലം..

മലയാളമണ്ണും,മനസ്സും ഒരുങ്ങിക്കഴിഞ്ഞു മാവേലിമന്നനെ വരവേല്‍ക്കാന്‍..! ഇനി മൂന്നു നാളുകള്‍ മാത്രം. ഏറ്റവും മാധുര്യമുള്ള ഓര്‍മകളിലൊന്നാണ് ഓണം നല്‍കുന്നത്. തെക്കേപ്പറമ്പിലെ കാട്ടുചെത്തിയും, പാടവരമ്പിലെ മുക്കുറ്റിയും,കമ്മല്‍ച്ചെടികളും ഈടില്‍ നിറഞ്ഞുനില്‍ക്കുന്ന പേരറിയാത്ത അസംഖ്യം ചെടികളും നിറയെ പൂത്തിരിക്കും ഇപ്പോള്‍. മത്സരമായിരുന്നു പലപ്പോഴും തുമ്പയും,ചെത്തിയും ശേഖരിച്ച് വമ്പന്‍ പൂക്കളങ്ങള്‍ തീര്‍ക്കാന്‍. ഓണത്തിനു നാലുനാള്‍ മുന്നേ അച്ഛന്‍ ഓണത്തപ്പനെ ഉണ്ടാക്കും,പല രൂപങ്ങളില്‍. അതില്‍ അരിമാവുകൊണ്ട് കോലമെഴുതി വേരോടെ പറച്ചിട്ട തുമ്പച്ചെടികള്‍ക്കിടയില്‍ വെച്ച് മാവേലിയെ കാത്തുകാത്തങ്ങിനെ ഓണം കഴിയും. തുമ്പപ്പൂ ചേര്‍ത്ത് അരിമാവില്‍ കുഴച്ച് വാഴയിലയില്‍ ചുട്ടെടുക്കുന്ന മാവേലിയടയുടെ സ്വാദ് നാവിന്‍ തുമ്പില്‍ ഇപ്പോഴുമുണ്ട്. ഏതൊരു മലയാളിയ്ക്കും ഉണ്ടാകാവുന്ന ഒരു ശരാശരി നൊസ്റ്റാള്‍ജിയ. അതു തന്നെ ഇപ്പോള്‍ എനിക്കും തോന്നുന്നു. അതിനുമപ്പുറം പൂവിറുക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരിടമുണ്ട്..എന്റേതു മാത്രമായി ഒരിടം. ഓണം എനിക്ക് നല്‍കുന്നത് അങ്ങിനെ ചിലയിടങ്ങളുടേയും, ചിലയാളുകളുടേയും ഓര്‍മകളാണ്.കദളിപ്പൂക്കള്‍ നിറഞ്ഞ ആ തുരുത്ത് എന്റെ സ്വന്തമായിരുന്നു. ഓണക്കാലത്ത് വയലറ്റു നിറത്തില്‍ പാടശേഖരത്തിനിടയില്‍ നിറഞ്ഞുനിന്ന ആ തുരുത്ത് എല്ലാവര്‍ക്കും പേടിയായിരുന്നു. എണ്ണിയാലൊടുങ്ങാത്തത്ര വിഷപ്പാമ്പുകള്‍ അവിടെയുണ്ടെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ ആ വിശ്വാസത്തെക്കാള്‍ വലുതായിരുന്നു എനിക്ക് ആ കദളിച്ചെടികള്‍. ആരുമറിയാതെ എത്രയോ വട്ടം പോയിരിക്കുന്നു ഞാനവിടെ! എന്റെ പൂക്കളത്തില്‍ കദളിപ്പൂക്കള്‍ കണ്ട് കവിതചേച്ചി അസൂയയോടെ ചോദിച്ചു..” നിനക്കെവിടുന്നാ കദളിപ്പൂക്കള്‍??”പലവട്ടം ഞാനാത്തുരുത്തിനെ പറ്റി പറഞ്ഞെങ്കിലും കവിതചേച്ചിക്ക് അത് വിശ്വാസമായില്ല എന്നു മാത്രമല്ല ആ തുരുത്തിലെ പനയില്‍ കുടിയിരിക്കുന്ന ഉഗ്രരൂപിണിയായ ഒരു യക്ഷിയുടെ ചരിത്രം ഭാവഭേദാദികളോടെ അഭിനയിച്ചുകാണിക്കയും ചെയ്തു. പിന്നീട് ആ തുരുത്തിലേക്ക് പോകേണ്ടെന്ന് മനസ്സിലുറപ്പിച്ചെങ്കിലും ആ കദളിച്ചെടികള്‍ എന്നെ വീണ്ടുംവീണ്ടും അവിടെയെത്തിച്ചു. യക്ഷിയില്‍ നിന്ന് എന്നെ കാക്കാമെന്ന് അവ എനിക്കു വാക്കു തന്നു. പേരറിയാത്ത ആ യക്ഷിയ്ക്ക് ഞങ്ങള്‍ ‘ആനമറിയം’ എന്ന് പേരിട്ടു. ഒരുപക്ഷേ ഇതാദ്യമായിക്കും ഒരു യക്ഷിക്ക് ഇത്തരമൊരു പേര്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് എന്നെ ഏറ്റവും പേടിപ്പെടുത്തിയ സ്ത്രീരൂപം ആനമറിയത്തിന്റേതായിരുന്നു. കയ്യില്‍ വലിയൊരു ഭാണ്ഡവും, കീറിപ്പറഞ്ഞ മുണ്ടും, മുന്നോട്ടുന്തിയ പല്ലുകളും,പാറിപ്പറന്ന മുടിയുമായി ആനമറിയം നാട്ടില്‍ ഓടിനടന്നു. കണ്ണില്‍കണ്ടവരോടെല്ലാം പിച്ചും പേയും പറഞ്ഞു. എല്ലാവരും അവളെ ഭ്രാന്തി എന്നു വിളിച്ചു.പുറത്തെ രൂപമായിരുന്നില്ല അവളുടെ ഉള്ളിന് എന്ന് ഞാന്‍ മനസ്സിലാക്കാന്‍ വൈകി. അക്കാലത്ത് എനിക്ക് പേടിയുള്ള ഒരേയൊരു ജീവി അവളായിരുന്നു. അതുകൊണ്ട് ആ പേരുതന്നെ യക്ഷിക്കും ഞാന്‍ സമ്മാനിച്ചു. കദളിച്ചെടികള്‍ അതിനു സമ്മതം മൂളി തലയാട്ടി. ഓണക്കാലത്ത് നിറയെ പൂക്കള്‍ എനിക്ക് നല്‍കി കദളികള്‍ എന്റെ കൂട്ടുകാരായി. പൂക്കള്‍ക്ക് പകരം ‘ഉണ്ണിക്കുട്ടി’യുടെ ചാണകവും,അടുപ്പില്‍ നിന്ന് ചാരവും ആരും കാണാതെ ഞാന്‍ അവര്‍ക്കെത്തിച്ചു കൊടുത്തു. അങ്ങിനെ ഞാനും കദളികളും മറ്റാരുടേയും കണ്ണില്‍പ്പെടാതെ ഓണം കൊണ്ടാടി. ഒരിക്കല്‍ പൂവിനായ് കൈനീട്ടിയപ്പോള്‍തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളും,അതിനേക്കാള്‍ തിളങ്ങുന്ന നാക്കുമായി അവന്‍ എത്തിനോക്കി. എന്റെ പേടിച്ചരണ്ട മുഖം കണ്ട് കദളികള്‍ ഒന്നായ് പറഞ്ഞു..” ഇവന്‍ കുഞ്ഞനന്തന്‍. നോവിക്കാതിരുന്നാല്‍ നിന്റെയും കൂട്ടുകാരന്‍.” പാലുകൊടുത്തു വളര്‍ത്തിയ പാമ്പ് തിരിഞ്ഞു കൊത്തിയെന്ന് കേട്ടു വളര്‍ന്ന മനുഷ്യന് എങ്ങിനെ പ്രകൃതിയുടെ ഈ തത്വം മനസ്സിലാവാന്‍!! കുഞ്ഞനന്തനെ ഞാന്‍ അകറ്റി നിര്‍ത്തി. അതിന്റെ പിണക്കവും മനസ്സിലിട്ട് മഴയുള്ള ഒരു രാത്രിയില്‍ വഴിയില്‍ പതുങ്ങിക്കിടക്കുമ്പൊളാണ് അമ്മയുടെ കാല്‍ അവന്റെ വാലില്‍ തൊട്ടത്. അതിന്റെ വേദന ചെറുവിരലിലെ ഒരു മുറിവായ് അവന്‍ തീര്‍ത്തു. കദളികള്‍ പറഞ്ഞത് സത്യമെന്ന് അന്നാണെനിക്ക് ബോധ്യമായത്. ഓണക്കാലം കഴിഞ്ഞാല്‍ തുരുത്തിനു വീണ്ടും പച്ച നിറമാകും. കദളികള്‍ മെലിയും,തടിയ്ക്കും, കുഞ്ഞുങ്ങള്‍ ഉണ്ടാകും. ഒരിക്കല്‍ ഒരു കദളിക്കുഞ്ഞിനെ ഞാന്‍ വീട്ടിലെത്തിക്കാന്‍ ഒരു ശ്രമം നടത്തി. അപ്പോഴാണ് എന്നമ്മ [ അമ്മയുടെ അമ്മ] യുടെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ കെട്ടും,കിടക്കയുമായി ഇറങ്ങുമ്പോള്‍ പോലും മനസ്സില്‍ അച്ഛനേയും,അമ്മയേയും പിരിയുന്ന വേദന തിങ്ങുന്നത് കദളിയുടെ കണ്ണില്‍ ഞാന്‍ കണ്ടത്.അവരുടെ ആ സാമ്രാജ്യത്തില്‍ വേര്‍പെടുത്താനായ് ഒരിക്കലും കടന്നുകയറില്ലെന്ന് അന്നു ഞാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ആ തുരുത്ത് അങ്ങിനെ അവിടെയുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നറിയാം..എന്റെ ഓണക്കാലങ്ങളില്‍ മറ്റെന്തിനേക്കാളും ഞാന്‍ സ്നേഹിച്ചത് ആ തുരുത്തിനെയായിരുന്നു. അവിടത്തെ കദളിച്ചെടികളെയായിരുന്നു.. കുഞ്ഞനന്തനെയായിരുന്നു..ആനമറിയത്തെയായിരുന്നു. ഇന്ന് ആ ഓര്‍മ നിറയ്ക്കുന്നു എന്റെ മനസ്സില്‍ ഒരോണക്കാലം..!!!

ഓണത്തിനു പതിവായി വീട്ടിലെത്തുന്ന ഒരതിഥിയുണ്ട്. “ചാത്തന്‍”!!
എന്താണ് ചാത്തന്റെ പെരെന്ന് എനിക്കറിയില്ല. എല്ലാവരും ചാത്തനെന്നു വിളിക്കുന്നു. നരച്ച പുരികങ്ങള്‍ചുളിച്ച്, ആ ചുളിവുക്കള്‍ക്കു മീതെ കൈവെച്ച് ചാത്തന്‍ നോക്കും..എന്നിട്ട് പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് ഉറക്കെ ചോദിക്കും..“ആരാത്..?? കുഞ്ഞുമോളാണോ?? ഓണത്തിനു എന്താ ചാത്തനു മോളു തരിക??”ചാത്തന്റെ വരവ് പതിവായതിനാല്‍ അച്ഛന്‍ ഒരു മുണ്ടും,മുറുക്കാനും വാങ്ങി വെച്ചിരിക്കും. അത് രണ്ടുകയ്യും നീട്ടി വാങ്ങി ചാത്തന്‍ മുറ്റത്ത് കുന്തിച്ചിരിക്കും. എത്ര പറഞ്ഞാലും വീടിനുള്ളിലേക്കോ എന്തിനു ഇറയത്തേക്കു പോലും ചാത്തന്‍ കയറില്ല. പിന്നെ എനിക്ക് കോളാണ്. പല തരം കഥകള്‍..പാട്ടുകള്‍..പലതും ചാത്തന്‍ തന്നെ ഉണ്ടാക്കി പാടുന്നവയുമാണ്. ഓലകൊണ്ട് വാച്ച്, പന്ത്,പമ്പരം..പാവ അങ്ങിനെ കാശ് കൊടുത്താല്‍ കിട്ടാത്ത ഒട്ടനേകം കളിപ്പാട്ടങ്ങള്‍ നിമിഷനേരം കൊണ്ട് ചാത്തന്റെ വിരലുകളില്‍ വിരിയും. ചാത്തനോടൊപ്പം പുറത്തിരുന്നാണ് അന്ന് എന്റേയും ഊണ്. ചാത്തന്‍ ഉണ്ണുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. സമ്പാറും,ചോറും കുഴച്ച് വലിയ ഉരുളകളാക്കും. ഓരോ ഉരുളയും കയ്യില്‍ ഒരു പ്രത്യേക താളത്തില്‍ എറിഞ്ഞുരുട്ടി വായിലേക്ക്. പലപ്പോഴും അങ്ങിനെയുണ്ണാന്‍ ഞാന്‍ ശ്രമിച്ചുപരാജയപ്പെട്ടിട്ടുണ്ട്.എന്റെ ഗോഷ്ടി കണ്ട് ചാത്തന്‍ പറഞ്ഞു..” കുഞ്ഞോളേ.. വല്ല്യ ആള്‍ക്കാരൊന്നും അങ്ങിനെ ഉണ്ണാന്‍ പാടില്ല.അങ്ങിനെയൊക്കെ ഉണ്ണണത് ചാത്തനേപ്പോലുള്ളോരല്ലേ..” ഇന്ന് സ്പൂണും,ഫോര്‍ക്കും ഒക്കെ കൊണ്ട് സര്‍ക്കസ്സുകാണിച്ച് ഒരു കഷ്ണം ഇഡലി വായിലെത്തിക്കാന്‍ പാടുപെടുന്ന ചിലരെ കാണുമ്പോള്‍ ഞാനെന്റെ ചാത്തനെ ഓര്‍ത്തുപോകുന്നു. ഊണുകഴിഞ്ഞാല്‍ ചാത്തന്റെ വക പാട്ടുണ്ട്.അതുകഴിഞ്ഞാല്‍ ഇറയത്ത് തോര്‍ത്ത് വിരിച്ച് ഒരു മയക്കം. ഉറക്കം കഴിയുമ്പോഴേക്കും കപ്പില്‍ ചായയുമായി അമ്മ എത്തും. ഗ്ലാസ്സില്‍ ചായ കണ്ടാല്‍ ചാത്തനു ദേഷ്യമാണ്. ‘കപ്പില്‍ ഒറ്റ മോന്തിനു കുടിക്കണം’ അതാണ് ചാത്തന്റെ നിയമം. ചാത്തന്‍ കപ്പ് എന്ന് ഞങ്ങള്‍ ആ കപ്പിനു പേരുമിട്ടിരുന്നു. ചായ കഴിഞ്ഞാല്‍ ചിലപ്പോഴോക്കെ ‘ ഇച്ചിരി ചോറു കൂടി തിന്നേക്കാം’ എന്ന് ചാത്തനു തോന്നും. അതും കഴിഞ്ഞ് ചാത്തന്‍ യാത്രയാകും. യാത്ര പറയുന്നതിനു മുന്നേ ചാത്തന്‍ മുണ്ടിന്റെ അറ്റം കൂട്ടിക്കെട്ടിയത് അഴിക്കും. ഞാന്‍ കാത്തിരിക്കുന്നതും അതിനു വേണ്ടിയാണ്. മടക്കിക്കെട്ടിയ മുണ്ടില്‍ നിന്നും കപ്പലണ്ടിമിട്ടായികള്‍ എന്റെ കൈ നിറയെ !!മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൊണ്ട് എല്ലാ നന്മകളും ആവാഹിച്ചെടുത്ത് നെറ്റിയിലൊരു ഉമ്മയും തന്ന് നടന്നകലുന്ന ചാത്തന്റെ രൂപം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. ആ ഓര്‍മ പോലും നല്‍കുന്നത് മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ ശേഖരിച്ച് ചാത്തന്‍ നല്‍കുന്ന കപ്പലണ്ടിമിട്ടായിയുടെ മധുരമാണ്.ഇന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിലാകുന്നു മാവേലിയെത്തുന്നത് ഇങ്ങിനെയൊക്കെയല്ലേ. മുടങ്ങാതെ എല്ലാ ഓണത്തിനും പലതരം കളിപ്പാട്ടങ്ങളും,പാട്ടുകളും,കഥകളും,കപ്പലണ്ടിമിട്ടായിയും മനസ്സുനിറയെ സ്നേഹവുമൊക്കെയായി എത്തുന്ന ചാത്തനല്ലാതെ എനിക്കാരാണ് മാവേലി???!! ഒരേയൊരു വിഷമം മാത്രം..ഞങ്ങളുടെ അമ്മുവിനു ഓര്‍മിക്കാന്‍ ഇത്തരം മധുരങ്ങളില്ല..മാവേലിയില്ല.

ഓണം ഒരു സ്വപ്നമാണ്.സമൃദ്ധിയുടെ സ്വപ്നം.കള്ളവും,ചതിയുമില്ലാത്ത ഒരു നല്ല കാലത്തിനായുള്ള കാത്തിരിപ്പ്.വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാരേപ്പോലെ സമൃദ്ധമായ ഇന്നലെയുടെ ഓര്‍മയില്‍ നിന്നുകൊണ്ട് വരാന്‍ പോകുന്ന നാളേയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ്. ആ സമൃദ്ധിയും,നന്മയുമൊക്കെ എല്ലാ മനസ്സുകളിലേക്കും പെയ്തിറങ്ങട്ടെഈ ഓര്‍മകളോടൊപ്പം.

Wednesday, August 8, 2007

‘അമ്മ ഭൂമിയും അച്ഛന്‍ ആകാശവുമാണ്..!’

വെയിലിന്റെ പരപ്പു പോലെ..മഴയുടെ ചാറ്റല്‍ പോലെ സമ്പന്നമായ ഒരു ബാല്യം. കുടുക്കയിലെ മഞ്ചാടിമണികളും,പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലിയും, കണ്ണാടിപ്പാത്രത്തില്‍ സൂക്ഷിച്ച വളപ്പൊട്ടുകളുമൊക്കെ നെഞ്ചോട് ചേര്‍ത്തുതന്നെ കടന്നു പോന്ന കൌമാരം..ഞാന്‍ എന്ന വ്യക്തിയിലേക്കുള്ള ദൂരം ഇതൊക്കെത്തന്നെയാണ്. ഇവിടെ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്ന ചിലരുണ്ട്. മണ്ണും,മനസ്സും തൊട്ടറിയാന്‍ പഠിപ്പിച്ച ചിലര്‍..അവരില്ലാതെ,അവരുടെ ഓര്‍മകളില്ലാതെഎനിക്ക് നിലനില്‍പ്പില്ല. വികാരങ്ങള്‍ അക്ഷരങ്ങളിലേക്ക് പകരാന്‍ ആവുമോ എന്നറിയില്ല. എങ്കിലും കുറിയ്ക്കുകയാണിവിടെചില തോന്ന്യാക്ഷരങ്ങള്‍..

‘അമ്മ ഭൂമിയും,അച്ഛന്‍ ആകാശവുമാകുന്നു’.അതെ..ചൂണ്ടുവിരലില്‍ മുറുകെ പിടിച്ച് അമ്മയോടൊപ്പം നടക്കുമ്പോള്‍ അമ്മ പകര്‍ന്നുതന്നത് ആ മനസ്സിന്റെ മുഴുവന്‍ നന്മയും ആയിരുന്നു. ഇന്നും ഫോണ്‍ വിളികളില്‍ വീടിന്റെ,നാടിന്റെ വിശേഷങ്ങള്‍ മുഴുവന്‍ വാതോരാതെ അമ്മ പറയുമ്പോള്‍ നാട്ടിലെത്തിയ അനുഭവം! പക്ഷേ അമ്മയ്ക്കു സങ്കടമാണ്..തൊടിയില്‍ കായ്ച്ച കുമ്പളങ്ങകള്‍ കാണുമ്പോള്‍..മുറ്റത്തെ ചക്കരമാവില്‍ തുടുത്ത മാമ്പഴങ്ങള്‍ കാണുമ്പോള്‍..എന്തിന്..ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരത്തിന്റെ ഓര്‍മപോലും അമ്മയ്ക്കു സങ്കടകാരണമാകുന്നു. മാസാവസാനം ഡോളറുകള്‍ വാരിക്കൂട്ടി ബാങ്ക് ബാലന്‍സ് ലക്ഷങ്ങളിലേക്കെത്തിക്കാന്‍ മക്കള്‍പെടുന്ന ‘പെടാപ്പാട്’ അമ്മയ്ക്കു മനസ്സിലാകില്ലല്ലൊ..!!!

അച്ഛന്‍..ആവശ്യത്തിനും,അനാവശ്യത്തിനും മക്കളെച്ചൊല്ലി ആവലാതിപ്പെടുന്ന അച്ഛന്‍..നിസ്സാരകാര്യങ്ങളും അച്ഛനു വലുതാണ്. പെണ്മക്കള്‍ ഉണ്ടായതില്‍ അഭിമാനിക്കുന്ന അച്ഛനെ കാണുമ്പോള്‍ ചിലപ്പോളൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്..ഇത്രയും മക്കളെ സ്നേഹിക്കാന്‍ എനിക്കാവുമോ എന്ന്! പുറമേ പരുക്കനായ അച്ഛന്റെ ഉള്ള് തൊട്ടറിഞ്ഞ ഒരു സന്ദര്‍ഭം കുറിക്കട്ടേ ഇവിടെ..ഏതൊരു പെണ്‍കുട്ടിയുടെ അച്ഛനും ഏറെ അഭിമാനത്തോടെയും, അതിലേറെ സങ്കടത്തോടെയും ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് അവളുടെ വിവാഹം. വിവാഹത്തിനു മുമ്പ് ദക്ഷിണ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. കുടുംബത്തിലെ കാരണവന്മാര്‍ക്കെല്ലാംദക്ഷിണ കൊടുക്കും. അവസാനം അച്ഛനും,അമ്മയ്ക്കും ദക്ഷിണ കൊടുത്ത് അവരുടെ കാല്‍ തൊട്ട് വന്ദിച്ച് വീടിന്റെ പടിയിറങ്ങുന്നഒരു രംഗം. അത്ര നേരവും ഓടിനടന്ന് കല്ല്യാണം നടത്തുകയായിരുന്ന അച്ഛന്റെ കൈകളിലേക്ക് ദക്ഷിണ നല്‍കി ഞാന്‍ കാല്‍ തൊടാന്‍ കുനിഞ്ഞതും അച്ഛന്‍ ചേര്‍ത്തുപിടിച്ചു. ചങ്കുപറിച്ചെടുക്കുന്ന വേദന അന്ന് ഞാന്‍ അറിഞ്ഞു. എനിക്കും,അച്ഛനും നിയന്ത്രിക്കാനായില്ല. പക്ഷേ അല്‍പ്പം കഴിഞ്ഞ് പതിവു ശൈലിയില്‍ കൈ ചൂണ്ടി അച്ഛന്‍ പറഞ്ഞു..”കല്ല്യാണത്തിന് ഒരുങ്ങീട്ടാണ് അവള്‍ടെ കരച്ചില്‍..!ദേ..ആ കണ്മഷി മുഴുവന്‍ പരന്നു..ഹാ..”. അപ്പോള്‍ അച്ഛന്റെ മനസ്സില്‍ എന്തായിരുന്നെന്ന് എനിക്ക് നന്നായറിയാമായിരുന്നു. പറയുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വാങ്ങിത്തന്ന് വായനയുടെ ലോകം എനിക്കു മുന്നില്‍ തുറന്ന അച്ഛന്‍ എന്റെ ആകാശം തന്നെയാണ്, അന്നും..ഇന്നും..! ഇവിടെ ഈ അച്ഛന്റേയും,അമ്മയുടേയും മകളായി ജനിക്കാനായതില്‍ ഞാന്‍ ആരോടാണ് നന്ദി പറയേണ്ടത്??!!

ഇവരെക്കുറിച്ചു പറയാതെ എന്റെ ഓര്‍മകള്‍ ഒരിക്കലും പൂര്‍ണ്ണമാകില്ല. ഓര്‍മകളുടെ വഴിയില്‍ നിങ്ങള്‍ക്ക് ഇവരെ ഇനിയും കാണാന്‍ കഴിഞ്ഞേക്കാം. അപ്പോള്‍ ഒരു അപരിചിതത്വം ഉണ്ടാകാതിരിക്കാനായാണ് ഈ പരിചയപ്പെടുത്തല്‍.
എന്റെ ദൈവങ്ങള്‍ ഇവരാണ്. ഗുരുവിനെ കുറിച്ച് ഞാന്‍ അറിഞ്ഞത്..ദൈവത്തെ കുറിച്ച് ഞാന്‍ കേട്ടത്..ഇവരിലൂടെയാണ്.

സ്വാഗതം..!!!

കടന്നുപോന്ന വഴികളിലെ കയ്പ്പും,മധുരവും എന്റെ ഡയറിത്താളുകളില്‍ നിന്ന് ബ്ലോഗിലേക്കെത്തിക്കാന്‍ ഒരുശ്രമം. ഇവിടെ, മറക്കാനാവില്ലെങ്കിലും മറന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന ഓര്‍മകളുണ്ടാകാം..എന്നെന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സുഖമുള്ള നൊമ്പരങ്ങളുണ്ടാകാം..ചുണ്ടില്‍ ചിരിയുണര്‍ത്താനാവുന്ന നര്‍മ്മമുണ്ടാകാം...

ഓര്‍മകളെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ ഒരു ശ്രമം..!

സ്വാഗതം..ഈ ഓര്‍മച്ചെപ്പിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം!!

സ്നേഹത്തോടെ,
വാണി.