Wednesday, August 8, 2007

‘അമ്മ ഭൂമിയും അച്ഛന്‍ ആകാശവുമാണ്..!’

വെയിലിന്റെ പരപ്പു പോലെ..മഴയുടെ ചാറ്റല്‍ പോലെ സമ്പന്നമായ ഒരു ബാല്യം. കുടുക്കയിലെ മഞ്ചാടിമണികളും,പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലിയും, കണ്ണാടിപ്പാത്രത്തില്‍ സൂക്ഷിച്ച വളപ്പൊട്ടുകളുമൊക്കെ നെഞ്ചോട് ചേര്‍ത്തുതന്നെ കടന്നു പോന്ന കൌമാരം..ഞാന്‍ എന്ന വ്യക്തിയിലേക്കുള്ള ദൂരം ഇതൊക്കെത്തന്നെയാണ്. ഇവിടെ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്ന ചിലരുണ്ട്. മണ്ണും,മനസ്സും തൊട്ടറിയാന്‍ പഠിപ്പിച്ച ചിലര്‍..അവരില്ലാതെ,അവരുടെ ഓര്‍മകളില്ലാതെഎനിക്ക് നിലനില്‍പ്പില്ല. വികാരങ്ങള്‍ അക്ഷരങ്ങളിലേക്ക് പകരാന്‍ ആവുമോ എന്നറിയില്ല. എങ്കിലും കുറിയ്ക്കുകയാണിവിടെചില തോന്ന്യാക്ഷരങ്ങള്‍..

‘അമ്മ ഭൂമിയും,അച്ഛന്‍ ആകാശവുമാകുന്നു’.അതെ..ചൂണ്ടുവിരലില്‍ മുറുകെ പിടിച്ച് അമ്മയോടൊപ്പം നടക്കുമ്പോള്‍ അമ്മ പകര്‍ന്നുതന്നത് ആ മനസ്സിന്റെ മുഴുവന്‍ നന്മയും ആയിരുന്നു. ഇന്നും ഫോണ്‍ വിളികളില്‍ വീടിന്റെ,നാടിന്റെ വിശേഷങ്ങള്‍ മുഴുവന്‍ വാതോരാതെ അമ്മ പറയുമ്പോള്‍ നാട്ടിലെത്തിയ അനുഭവം! പക്ഷേ അമ്മയ്ക്കു സങ്കടമാണ്..തൊടിയില്‍ കായ്ച്ച കുമ്പളങ്ങകള്‍ കാണുമ്പോള്‍..മുറ്റത്തെ ചക്കരമാവില്‍ തുടുത്ത മാമ്പഴങ്ങള്‍ കാണുമ്പോള്‍..എന്തിന്..ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരത്തിന്റെ ഓര്‍മപോലും അമ്മയ്ക്കു സങ്കടകാരണമാകുന്നു. മാസാവസാനം ഡോളറുകള്‍ വാരിക്കൂട്ടി ബാങ്ക് ബാലന്‍സ് ലക്ഷങ്ങളിലേക്കെത്തിക്കാന്‍ മക്കള്‍പെടുന്ന ‘പെടാപ്പാട്’ അമ്മയ്ക്കു മനസ്സിലാകില്ലല്ലൊ..!!!

അച്ഛന്‍..ആവശ്യത്തിനും,അനാവശ്യത്തിനും മക്കളെച്ചൊല്ലി ആവലാതിപ്പെടുന്ന അച്ഛന്‍..നിസ്സാരകാര്യങ്ങളും അച്ഛനു വലുതാണ്. പെണ്മക്കള്‍ ഉണ്ടായതില്‍ അഭിമാനിക്കുന്ന അച്ഛനെ കാണുമ്പോള്‍ ചിലപ്പോളൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്..ഇത്രയും മക്കളെ സ്നേഹിക്കാന്‍ എനിക്കാവുമോ എന്ന്! പുറമേ പരുക്കനായ അച്ഛന്റെ ഉള്ള് തൊട്ടറിഞ്ഞ ഒരു സന്ദര്‍ഭം കുറിക്കട്ടേ ഇവിടെ..ഏതൊരു പെണ്‍കുട്ടിയുടെ അച്ഛനും ഏറെ അഭിമാനത്തോടെയും, അതിലേറെ സങ്കടത്തോടെയും ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് അവളുടെ വിവാഹം. വിവാഹത്തിനു മുമ്പ് ദക്ഷിണ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. കുടുംബത്തിലെ കാരണവന്മാര്‍ക്കെല്ലാംദക്ഷിണ കൊടുക്കും. അവസാനം അച്ഛനും,അമ്മയ്ക്കും ദക്ഷിണ കൊടുത്ത് അവരുടെ കാല്‍ തൊട്ട് വന്ദിച്ച് വീടിന്റെ പടിയിറങ്ങുന്നഒരു രംഗം. അത്ര നേരവും ഓടിനടന്ന് കല്ല്യാണം നടത്തുകയായിരുന്ന അച്ഛന്റെ കൈകളിലേക്ക് ദക്ഷിണ നല്‍കി ഞാന്‍ കാല്‍ തൊടാന്‍ കുനിഞ്ഞതും അച്ഛന്‍ ചേര്‍ത്തുപിടിച്ചു. ചങ്കുപറിച്ചെടുക്കുന്ന വേദന അന്ന് ഞാന്‍ അറിഞ്ഞു. എനിക്കും,അച്ഛനും നിയന്ത്രിക്കാനായില്ല. പക്ഷേ അല്‍പ്പം കഴിഞ്ഞ് പതിവു ശൈലിയില്‍ കൈ ചൂണ്ടി അച്ഛന്‍ പറഞ്ഞു..”കല്ല്യാണത്തിന് ഒരുങ്ങീട്ടാണ് അവള്‍ടെ കരച്ചില്‍..!ദേ..ആ കണ്മഷി മുഴുവന്‍ പരന്നു..ഹാ..”. അപ്പോള്‍ അച്ഛന്റെ മനസ്സില്‍ എന്തായിരുന്നെന്ന് എനിക്ക് നന്നായറിയാമായിരുന്നു. പറയുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വാങ്ങിത്തന്ന് വായനയുടെ ലോകം എനിക്കു മുന്നില്‍ തുറന്ന അച്ഛന്‍ എന്റെ ആകാശം തന്നെയാണ്, അന്നും..ഇന്നും..! ഇവിടെ ഈ അച്ഛന്റേയും,അമ്മയുടേയും മകളായി ജനിക്കാനായതില്‍ ഞാന്‍ ആരോടാണ് നന്ദി പറയേണ്ടത്??!!

ഇവരെക്കുറിച്ചു പറയാതെ എന്റെ ഓര്‍മകള്‍ ഒരിക്കലും പൂര്‍ണ്ണമാകില്ല. ഓര്‍മകളുടെ വഴിയില്‍ നിങ്ങള്‍ക്ക് ഇവരെ ഇനിയും കാണാന്‍ കഴിഞ്ഞേക്കാം. അപ്പോള്‍ ഒരു അപരിചിതത്വം ഉണ്ടാകാതിരിക്കാനായാണ് ഈ പരിചയപ്പെടുത്തല്‍.
എന്റെ ദൈവങ്ങള്‍ ഇവരാണ്. ഗുരുവിനെ കുറിച്ച് ഞാന്‍ അറിഞ്ഞത്..ദൈവത്തെ കുറിച്ച് ഞാന്‍ കേട്ടത്..ഇവരിലൂടെയാണ്.

സ്വാഗതം..!!!

കടന്നുപോന്ന വഴികളിലെ കയ്പ്പും,മധുരവും എന്റെ ഡയറിത്താളുകളില്‍ നിന്ന് ബ്ലോഗിലേക്കെത്തിക്കാന്‍ ഒരുശ്രമം. ഇവിടെ, മറക്കാനാവില്ലെങ്കിലും മറന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന ഓര്‍മകളുണ്ടാകാം..എന്നെന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സുഖമുള്ള നൊമ്പരങ്ങളുണ്ടാകാം..ചുണ്ടില്‍ ചിരിയുണര്‍ത്താനാവുന്ന നര്‍മ്മമുണ്ടാകാം...

ഓര്‍മകളെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ ഒരു ശ്രമം..!

സ്വാഗതം..ഈ ഓര്‍മച്ചെപ്പിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം!!

സ്നേഹത്തോടെ,
വാണി.