Monday, January 5, 2015

എന്റെ സഞ്ചാരങ്ങള്‍ !

യാത്രകൾ  ഓരോരുത്തര്ക്കും ഓരോന്നാണ് . ജീവിത യാത്രയ്ക്ക് താളമേകാൻ ചെറുയാത്രകൾ ! ഓരോ യാത്രയും ഓരോ അനുഭവമായി അവസാനിക്കുന്നു. യാത്രകൾ നല്കിയ ബന്ധങ്ങളും  ഓര്മകളും ജീവിതത്തിന്റെ സമ്പാദ്യ കുടുക്കയിലെ നിധികളാണെനിക്ക്‌ . ഒരിക്കലും മടുപ്പിക്കാതെ , ആവേശമായി , ആഗ്രഹമായി ഒരുപാടിടങ്ങൾ ഇന്നും മോഹിപ്പിക്കുന്നു .
' ജീവിതം പ്രണയ സുരഭിലമായ ' കാലത്താണ് എന്റെ യാത്രകൾ പൂവണിയുന്നത്. അതിനു മുന്നേ യാത്രകളേ പോയിട്ടില്ല എന്ന് പറയാൻ വയ്യ.  പതിവായി സ്കൂളിൽ നിന്ന് വിനോദയാത്ര , വേനലവധിക്കാലത്ത് അച്ഛന്റെ നേതൃത്വത്തിൽ ഒരു യാത്ര....  ഇതെല്ലം എല്ലാ വര്ഷവും സംഭവിച്ചു വന്നിരുന്നു .ഞാൻ തിരുവനന്ത പുരത്തിനും , മലമ്പുഴയ്ക്കും , എറാണാകുളത്തിനുമൊക്കെ  മാറി മാറി യാത്ര പൊയ്ക്കൊണ്ടേയിരുന്നു, വർഷങ്ങളോളം .  യാത്രകളെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് അവിടെനിന്നാണ്‌.  ഓരോ യാത്രയിലും ഒരേ ഇടം എനിക്ക് പല ഇടങ്ങളായി മാറുകയായിരുന്നു .
തനിച്ചുള്ള ദീർഘ യാത്രകൾ എനിക്ക്  അധികമൊന്നും ഉണ്ടായിട്ടില്ല . അങ്ങിനെ പറയുമ്പോൾ അതും പ്രശ്നമാണ്, ദീര്ഘം എന്നു പറഞ്ഞാൽ ദൂരം മാത്രമാണ് ഉദ്ദേശിച്ചത് എന്ന് എടുത്തു പറയേണ്ടി വരും. കാരണം വീട്ടിൽ നിന്ന് പത്തു മിനിട്ട് ഒന്ന് കാലു കൊടുത്തു  നടന്നാൽ എത്താവുന്ന വളയൻചിറയിലേക്കുള്ള പോക്ക്  എനിക്ക് മനോഹരമായ ഒരു യാത്രയായിരുന്നു. നീല നിറമുള്ള ആ ചിറയിലേക്കുള്ള നടത്തം ഇന്നും എന്നെ മോഹിപ്പിക്കാറുണ്ട് . അക്കഡേറ്റും ( Aqueduct) , സർപ്പ ക്കാവും ,  പാടത്തിനു നടുവിലെ തോടും ,  യക്ഷിപ്പനത്തറയും ......   അങ്ങിനെയങ്ങിനെ നൂറായിരം  ഡസ്റ്റിനേഷൻസ് !! ഞാൻ തനിച്ചു നടത്തിയ അഡ്വനജർ യാത്രകൾ .....ഓരോ ഇടവും ഞാൻ കണ്ടത്, അറിഞ്ഞത് , കാഴ്ചകളിലൂടെ മാത്രമായിരുന്നില്ല., എന്റെ സ്വപ്നങ്ങളിലൂടെയും ആയിരുന്നു .
നേരത്തെ സൂചിപ്പിച്ചത് പോലെ പ്രണയവും, യാത്രയും പൂവിട്ടത് ഒരുമിച്ചാണ് . മുന്നേ എന്റെ യാത്രകൾ അധികവും നാടും, വിശ്വാസങ്ങളും ആയി ഇഴചേര്‍ന്നു കിടന്നവയായിരുന്നു . എന്നാൽ അത് വളരെ പെട്ടെന്നാണ്  നാടിന്റെ അതിരുകൾ താണ്ടി  പുതു ഇടങ്ങളിൽ ചെന്നെത്തിയത് . ജീവിതത്തിൽ , ചിന്തകളിൽ വന്ന മാറ്റങ്ങൾ  യാത്രകളിലും ഉണ്ടായി , സഞ്ചാര ദേവത എന്നേക്കാൾ ഒരു രണ്ടിരട്ടിയെങ്കിലും യാത്രാപ്രേമം  കൂട്ടുകാരന്റെ തലയിൽ   വെച്ച്  കനിഞ്ഞനുഗ്രഹിചിട്ടുണ്ട് എന്നത് എന്റെ  ഭാഗ്യം . ഒഴിവു സമയങ്ങൾ എങ്ങിനെയെങ്കിലും കണ്ടെത്തി കൂടും കുടുക്കയും കെട്ടിപ്പെറുക്കി തോന്നുന്നിടത്തെയ്ക്ക് തോന്നിയപോലെ യാത്ര... എപ്പോളും എറെ ആസ്വദിച്ചിട്ടുള്ളത്‌ മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തിയ അത്തരം യാത്രകളാണ് .  
ലപ്പോഴും യാത്രകളിലാണ്  സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ ഞാൻ നടത്താറുള്ളത് എന്ന്  പറഞ്ഞു അവൻ എന്നെ കളിയാക്കും . ഒരു വിധത്തിൽ ആലോചിച്ചാൽ അത് ശരിയാണ് . കടുത്ത ' സാമൂഹ്യ സദാചാര ബോധ' മില്ലാതെ വേഷം പോലും ഞാൻ തിരഞ്ഞെടുക്കാറുള്ളത് അപപോളാണ് . സത്യത്തിൽ അതൊരു തമാശയാണ്, വളയൻചിറങ്ങര കവലയിൽ മിന്നാമിന്നികളോട് കിന്നരിച്ചു ഒന്ന് നടക്കുക , നിറഞ്ഞു നില്ക്കുന്ന ആമ്പലുകളിലേക്ക് ഒഴുകിയെത്തുന്ന നിലാവിനെ എന്റെ കിനാക്കളിലേക്ക് വഴിതെറ്റിച്ചു കയറ്റുക , ഇളം വെയിലിൽ ഉപ്പുരസം നുണഞ്ഞു കടലിനോടു കഥ പറയുക ..ഇതെല്ലം ഇതുവരെ നടക്കാത്ത എന്റെ മോഹങ്ങൾ ! എന്നാൽ വഴിവിളക്കിന്റെ വെട്ടത്തിൽ ടൈം സ്ക്വയറിലെ അംബര ചുംബികളോട് പയ്യാരം പറഞ്ഞു ഞാൻ നടന്നിട്ടുണ്ട്, ടാമ്പയിലെ മനോഹരമായ ബീച്ചുകളിൽ കുളിച്ചു തിമർത്തിട്ടുണ്ട് ( അതും ഞങ്ങളുടെ കുഞ്ഞമ്മു എന്റെ വയറ്റിൽ അഞ്ചു മാസം പ്രായമായപ്പോൾ  ),രാജ് വാടയിലെ ഭക്ഷണതെരുവ് നിലവെട്ടത്തിൽ ഞാൻ നുണഞ്ഞു തീർത്തിട്ടുണ്ട് ,. ദാപോളിയിലെ മലകൾക്കും , ബീച്ചുകല്ക്കും ജീവൻ വെക്കുന്നത് കണ്ടിട്ടുണ്ട് .... മറുനാട്ടിലാണ്  യാത്രകൾ പൂര്ണ്ണമായും ആസ്വദിച്ചത് എന്ന് പറയുമ്പോൾ എന്റെ പെണ്ണത്തമില്ലായ്മയെ സമ്മതിക്കേണ്ടി വരുമെങ്കിലും അതാണ്‌ പരമാർഥം,
വിനോദം എന്നതിനപ്പുറം ജീവിത വീക്ഷണത്തെ തന്നെ മാറ്റി മറിച്ച യാത്രകളും ഉണ്ട് . ദൂരമോ, സ്ഥലമോ ഒന്നും ബാധകമല്ലാത്ത യാത്രകൾ . ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പകച്ചു നിന്നപ്പോൾ ശരീരത്തെയല്ല, ആത്മാവിനെ ചേര്ത്തുപിടിച്ചു  പാലക്കാട് നിന്ന് ഒരുമിച്ചു കയറിയ ബസ്സിനു നീല നിറമായിരുന്നു . നെഞ്ചിടിപ്പിന്റെ വേഗം ഉള്ളിൽ തുടിക്കുന്ന കുഞ്ഞു ജീവൻ അറിയാതിരിക്കാൻ അവൻ പാട് പെടുമ്പോൾ ഞാൻ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത  ഒരു യാത്രയിൽ ആയിരുന്നു.  
അതെ , ഒലവക്കോട് മുതൽ ആലുവ വരെയുള്ള  ഒരു ട്രെയിൻ യാത്ര!!!
ആവി പൊങ്ങുന്ന ചൂട് വട കയ്യിലേക്ക് നീട്ടി അവൻ പറഞ്ഞു  -" ഇത്ര സ്വാദുള്ള വട നീ ഇത് വരെ കഴിച്ചിട്ടുണ്ടാവില്ല ". അനുഭവത്തിന്റെ കയ്പ്പ് നീരിനു മീതെ അവന്റെ സ്നേഹത്തിന്റെ സ്വാദുമായി ഇന്നും ആ വട എന്റെ നാവിൻ തുമ്പിലുണ്ട് . അവിടെ കണ്ട ഓരോ മുഖവും ഇന്നും മനസ്സില് നില്ക്കുന്നതും , ആ യാത്ര ഒരു അത്ഭുതമായി ഒര്ക്കുന്നതും സ്ഥലപ്രസക്തി കൊണ്ടല്ല ജീവിതത്തിലെ എറ്റവും മുഖ്യമായ ഒരു എടിനോട് ചേർന്ന് നില്ക്കുന്നത് കൊണ്ടാണ് .  തീര്ത്തും പേർസണൽ ആയ ഒന്ന് അരയും, മുറിയും വെച്ച് എഴുതേണ്ടി വന്നതിൽ ചെറിയ വിഷമമുണ്ട്, പക്ഷെ  എന്റെ യാത്രകളെ കുറിച്ച് പറയുമ്പോൾ ഇത് പറയാതെ വയ്യ. കാരണം കടന്നു പോന്നപ്പോൾ ഭീകരമായും, പിന്നീട് അത്ഭുതമായും ഞങ്ങള്ക്ക് മനസ്സില് നിറഞ്ഞ യാത്രയാണ്  ഇത് . 

No comments: