Thursday, September 6, 2007

എന്റെ വല്ല്യമ്മയ്ക്കായ്......!!!!

മുഖത്തെ ചുളിവുകള്‍ക്കിടയിലൂടെ അവര്‍ എന്നെ സൂക്ഷിച്ചുനോക്കി. നീണ്ടുമെലിഞ്ഞ ആ കൈ എന്റെ ചുമലില്‍ വിറച്ചു. ചുവപ്പു കല്ലുവെച്ച വലിയ വള ആ കയ്യിലൂടെ ഊര്‍ന്നിറങ്ങി.
“ഞാന്‍ നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ മൈ ഡിയര്‍..”അവര്‍ എന്നിലേക്ക് ചേര്‍ന്നുനിന്ന് പറഞ്ഞു.
“എന്നെ..ഇവിടത്തന്നായിരിക്കും ആന്റീ,ഞാന്‍ ഈ നാടിന് പുതിയത്!”അമ്മൂമ്മ എന്ന് വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ നാടിന്റെ മര്യാദകള്‍ ഞാന്‍ പാലിക്കാന്‍ ശ്രമിച്ചു.
“നോ..എനിക്ക് നിന്നെ മുന്നേ അറിയാം എന്ന് തോന്നുന്നു..”അവര്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ഓര്‍മകളിലേക്ക് ഒരു തിരിച്ചുനോട്ടം നടത്തി പറഞ്ഞു.
“ഇല്ല,ആന്റീ..സാധ്യതയില്ല.”ഞാന്‍ അവരുടെ ഓര്‍മകളെ ഖണ്ഡിച്ചു.
അവരുടെ ആ കുഞ്ഞുമുഖത്ത് ഒരു നിരാശ പടരുന്നത് ഞാന്‍ അറിഞ്ഞു. ചുമലില്‍ നിന്ന് കൈ എടുത്ത് എന്റെ കവിളിലൂടെ ഒന്ന് വിരലോടിച്ച് അവര്‍ യാത്ര പറഞ്ഞു. ഒന്ന് തിരിഞ്ഞുനിന്ന് വീണ്ടും ആ ചുണ്ടുകള്‍ അവ്യക്തമായി പിറുപിറുക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു..
“ബട്ട്...ഐ നോ യു ഡിയര്‍..”
വാര്‍ദ്ധക്യത്തിന്റെ ആ ഓര്‍മത്തെറ്റിനെ ഞാന്‍ ഒരു ചിരിയില്‍ നേരിട്ടു. ലോണ്ട്രിയില്‍ നിന്ന് തുണി എടുത്ത് ഞാന്‍ തിരിച്ചു നടക്കുമ്പോള്‍ ഭിത്തിയില്‍ ഊന്നിയൂന്നി എന്റെ മുന്നിലായി അവരുമുണ്ടായിരുന്നു. കാലിന് ബലമില്ലാത്തതുകൊണ്ടാവണം അവര്‍ക്ക് നടക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു.
“ഏത് ജന്മത്തിലെ ബന്ധമാണ് ഈ മദാമ്മയ്ക്ക് എന്നോട്?”നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. അവരുടെ കൈ കവിളിലൂടെ ഊര്‍ന്നിറങ്ങിയപ്പോള്‍ ഞാന്‍ അനുഭവിച്ചത് ഒരു ആയുസ്സിന്റെ സുഖമായിരുന്നു. ആ തലോടലിന്റെ കുളിര്‍മ മനസ്സില്‍ ഇപ്പോഴുമുണ്ട്. പെട്ടെന്ന് അവര്‍ തിരിഞ്ഞുനോക്കി. ഞാന്‍ ചിരിച്ചു. അവരുടെ മുഖത്ത് അപ്പോള്‍ ചിരിയില്ലായിരുന്നു. ഭിത്തിയില്‍ പിടിച്ച് വയ്യാത്ത കാലുകള്‍ അവര്‍ നീട്ടിനീട്ടി വെച്ചു.ഒരു പ്രത്യേകരീതിയില്‍ തല ചെരിച്ചുപിടിച്ച് അവര്‍ എന്നെ തോല്‍പ്പിക്കാനെന്നവണ്ണം വേഗത്തില്‍ നടന്നു.


ഒരു നിമിഷം..എന്റെ മനസ്സിലേക്ക് ഒരു മിന്നല്‍ പിണര്‍പോലെയാണ് ‘വല്ല്യമ്മ’ കടന്നുവന്നത്. ഞാന്‍ അവര്‍ക്കുപിറകേ ഓടിയെത്തി.
“അറിയാം..എനിക്കറിയാം..” ആ കൈ ചേര്‍ത്തുപിടിച്ച് ഞാന്‍ പറഞ്ഞു. അവരുടെ മുഖം വിടര്‍ന്നു. അവര്‍ എന്നെ കെട്ടിപ്പിടിച്ചു.ഞാന്‍ വീട്ടിലെക്ക് ക്ഷണിച്ചിട്ടും അവര്‍ വന്നില്ല.. പിന്നീടൊരിക്കല്‍ ആകാമെന്ന് പറഞ്ഞൊഴിഞ്ഞു. അവര്‍ എന്നെ കണ്ടത് അവരുടെ ഓര്‍മകളിലെവിടെയോയുള്ള ഒരു നനുത്ത സ്പര്‍ശമായ്..അവരെ സ്നേഹിച്ച അവര്‍ സ്നേഹിക്കുന്ന ഞാനറിയാത്ത ഏതോ ഒരാളായി..ആ ധാരണ ഞാന്‍ തിരുത്തിയതുമില്ല. കാരണം എനിക്കും അവര്‍ അങ്ങിനെയാണ്..ഞാന്‍ സ്നേഹിക്കുന്ന..എന്നെ സ്നേഹിക്കുന്ന ..അവര്‍ അറിയാത്ത ഒരാള്‍. ഈ ഓര്‍മകളിലെക്ക്..നീണ്ടുമെലിഞ്ഞ ആ കരസ്പര്‍ശത്തിലൂടെ എന്നെ കൊണ്ടെത്തിച്ച അവര്‍ തീര്‍ച്ചയായും എനിക്കന്യയല്ല..പേര് പറഞ്ഞെങ്കിലും അത് എനിക്ക് തീരെ മനസ്സിലായില്ല. അല്ലെങ്കിലും സ്നേഹിക്കാന്‍ ഒരു പേര് നിര്‍ബന്ധമില്ലല്ലൊ.

എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ കാണുന്ന ഒരു മുഖമുണ്ട്.. പല്ലുകള്‍ അല്‍പ്പം പൊങ്ങി,കണ്ണുകളില്‍ എപ്പോഴും ഒരു കുഞ്ഞിന്റെ ഭാവവുമായി..എന്റെ വല്ല്യമ്മ. നീണ്ട തലമുടി മിക്കവാറും ഉച്ചിയില്‍ കെട്ടിവെച്ചിരിക്കും. കഷ്ട്ടി നാലടിപ്പൊക്കം,മെലിഞ്ഞ ശരീരം..കാലുകള്‍ക്ക് അല്‍പ്പം ശക്തിക്കുറവുണ്ട്. കൃത്യമായി പറഞ്ഞാല്‍ വലത്തേക്കാല്‍ ഇടത്തും,ഇടത്തേക്കാല്‍ വലത്തും. ദൈവത്തിന്റെ ഒരു കൊച്ചുവികൃതി.!
അച്ഛനും,അമ്മയും ജോലിക്ക് പോകുമ്പോള്‍ എന്നെ എന്നമ്മയുടെ[അമ്മയുടെ അമ്മ] അടുത്ത് ആക്കുകയാണ് പതിവ്. അമ്മ പോകുമ്പോള്‍ തുറക്കുന്ന വായ തിരിച്ചുവന്നാലെ കൂട്ടാറുള്ളൂ എന്നതുകൊണ്ട് എന്നമ്മക്ക് ഞാന്‍ ഒരു കീറാമുട്ടിയാവാന്‍ അധികം നാള്‍ വേണ്ടിവന്നില്ല. അങ്ങിനെ എന്നമ്മയും,ജോലിക്ക് പോകാന്‍ വയ്യാതെ അച്ചനും,അമ്മയും ത്രിശങ്കു സ്വര്‍ഗ്ഗത്തിലായ സമയത്താണ് വയ്യാത്ത കാലുകളും,ഒരു കെട്ട് കഥകളും ആയി വല്ല്യമ്മയുടെ രംഗപ്രവേശം. ഏതൊ മുജ്ജന്മബന്ധം പോലെ ഞാനും വല്ല്യമ്മയും അടുത്തു. എന്നമ്മയുടെ അടുത്തുള്ള കീറിപ്പൊളിക്കല്‍ വല്ല്യമ്മയുടെ ‘കുട്ടന്റേയും,മുട്ടന്റേയും’കഥക്ക് മുന്നില്‍ അലിഞ്ഞില്ലാതായി. വല്ല്യമ്മ ഞങ്ങളില്‍ ഒരാളാവാന്‍ അധികം സമയം വേണ്ടിവന്നില്ല. അച്ഛനും,അമ്മക്കും ചേച്ചിയായി..എനിക്ക് വല്ല്യമ്മയും! കഥകളിലൂടെ,പാട്ടുകളിലൂടെ എന്റെ ദിവസങ്ങള്‍ നീങ്ങി. വീട്ടുവാസം അവസാനിപ്പിച്ച് നെഴ്സറിയിലേക്ക് ചേക്കേറിയപ്പോള്‍ വല്ല്യമ്മ അടുത്ത കുഞ്ഞുവാവയെത്തേടി. എങ്കിലും എല്ലാ അവധിദിവസങ്ങളിലും പുതിയപുതിയ കഥകളുമായി മുടങ്ങാതെ എന്നെ കാണാന്‍ ഓടിയെത്തി. എന്റെ അനിയത്തിയെ നോക്കാനും വല്ല്യമ്മ പിന്നെ വീട്ടിലെത്തി. ഞാന്‍ അന്ന് മൂന്നിലും,നാലിലുമൊക്കെ പഠിക്കുന്ന സമയം.അക്കാലത്ത് എന്റെ മുഖ്യ വിനോദം വല്ല്യമ്മയോട് വഴക്കടിക്കുക എന്നതായിരുന്നു. ഇന്നും ഓര്‍മയിലുള്ള ഒന്നുണ്ട്. വീടിന്റെ മുറ്റത്തായി ഒരു പൈപ്പുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു വയറുവേദന ‘അഭിനയിച്ച്’സ്ക്കൂളില്‍ പോകാതെ മടിപിടിച്ചിരുന്നു. അന്ന് ഞാന്‍ വീടിന്റെ പിറകിലൂടെ പോയി ആ പൈപ്പ് തുറന്നിടും.എന്നിട്ട് ഒന്നുമറിയാത്തതുപോലെ മുന്നില്‍ വന്നിരിക്കും.വല്ല്യമ്മ വയ്യാത്ത കാലും വെച്ച് ഓടിപ്പോയി അത് ഓഫാക്കും. ഇത് ഒരു മൂന്നുനാലു തവണ തുടര്‍ന്നു. ഒടുവില്‍ വല്ല്യമ്മക്ക് സംഗതി പിടികിട്ടി. എന്നെ കയ്യോടെ പിടികൂടി. നല്ല ചീത്തയും പറഞ്ഞ് മുഖം വീര്‍പ്പിച്ചിരുന്നു. ഇന്ന് അച്ഛന്‍ വരുമ്പൊ കാര്യം കുശാലാവും ന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ വല്ല്യമ്മ അച്ഛനോട് പറഞ്ഞില്ല. അന്ന് രാത്രി കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു എന്താ പറയാഞ്ഞതെന്ന്.ഇന്നും വല്ല്യമ്മയുടെ മറുപടി എന്റെ കാതില്‍ മുഴങ്ങുന്നു.
“അച്ഛന്‍ നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് കാണാന്‍ എനിക്ക് പറ്റൂല്ല ചക്കരേ..”. വല്ല്യമ്മയെ കെട്ടിപ്പിടിച്ച് ആ കവിളില്‍ ഞാനൊരു ഉമ്മ കൊടുത്തു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴും വല്ല്യമ്മ പറയുമായിരുന്നു എന്നെ കാണണമെന്ന് തോന്നുമ്പോള്‍ അന്ന് ഉമ്മ വെച്ചത് ഓര്‍ക്കുമെന്ന്.

അനിയത്തിയും നേഴ്സറിയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വല്ല്യമ്മ വീണ്ടും ഞങ്ങളെ വിട്ട് പോയി. വീട്ടില്‍ നില്‍ക്കാന്‍ അന്ന് അച്ഛന്‍ പറഞ്ഞിട്ടും വല്ല്യമ്മ കൂട്ടാക്കിയില്ല.’ജോലി ചെയ്യാതെ തിന്നണത് ശരിയല്ല’എന്നായിരുന്നു വല്ല്യമ്മയുടെ ന്യായം.പിന്നെപ്പിന്നെ അവധിദിവസങ്ങളില്‍..വല്ല്യമ്മ ഒരു കാലന്‍ കുടയും തൂക്കി എത്തും. രണ്ടോ,മൂന്നോ ദിവസം ഞങ്ങളോടോപ്പം.ചിലപ്പൊഴൊക്കെ ഒരാഴ്ച്ച. ഒരാഴ്ച്ച നിന്നാല്‍ ഞാനും വല്ല്യമ്മയും തമ്മില്‍ ഗുസ്തി ഉറപ്പാണ്.പക്ഷെ എന്നും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വല്ല്യമ്മ്യുടെ കണ്ണുകള്‍ നിറയും. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തും വല്ല്യമ്മ വീട്ടിലെത്തിയാല്‍ രാത്രി ഒരു കഥ പറച്ചിലുണ്ട്. കണ്ണിലൂടെയാണ് വല്ല്യമ്മ കഥ പറയുന്നതെന്ന് എനിക്കുതോന്നാറുണ്ട്. ആ ഭാവങ്ങള്‍ കാണാന്‍ വേണ്ടി വീണ്ടും വീണ്ടും ഞാന്‍ കഥയ്ക്കായി കുട്ടികളേപ്പോലെ വാശി പിടിക്കുമായിരുന്നു. എന്റെ വാശികള്‍ സാധിച്ചു തന്ന് വല്ല്യമ്മ കഥ തുടരും....നിര്‍ത്താതെ.

ഒരു ജനുവരിയില്‍ വീട്ടില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ വല്ല്യമ്മയുടെ വീടിനടുത്ത് വെച്ച് അവരെ ഇടിച്ച് തെറിപ്പിച്ച്കടന്നുപോയി ഒരു സ്കൂട്ടര്‍. സ്വതവെ വയ്യാത്ത വല്ല്യമ്മക്ക് തീരെ വയ്യാതായി. ആശുപത്രിയില്‍ കുറേ കാലം കിടന്നു .കുറേ ചികിത്സകള്‍. വിവാഹം കഴിച്ചിട്ടില്ലാത്തതുകൊണ്ട് നോക്കാന്‍ അനിയന്റെ മകന്‍ ആയിരുന്നു ഉണ്ടായിരുന്നത്, നോട്ടം മുഴുവന്‍ വല്ല്യമ്മയുടെ പേരിലുള്ള സ്ഥലത്തില്‍ ആയിരുന്നെന്ന് ഞങ്ങള്‍ക്ക് നേരത്തേ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വല്ല്യമ്മ അധികനാള്‍ ഉണ്ടാകാതിരിക്കുക എന്നത് അയാള്‍ക്ക് ഒരു ആവശ്യവുമായിരുന്നു .അതിന് ഒരു തടസ്സമായി അച്ഛനും ഞങ്ങളും ആ ആശുപത്രിയില്‍ നില്‍ക്കുന്നത് അയാള്‍ക്ക് തോന്നി. പല രീതിയില്‍ നോക്കിയിട്ടും വല്ല്യമ്മയുടെ ചികിത്സയ്ക്ക് തടസ്സം വരുത്താന്‍ അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ എല്ലാം ഒരുവിധം നേരെയായി വല്ല്യമ്മ ആശുപത്രി വിട്ടു. എങ്കിലും പ്രായത്തിന്റെ വിഷമങ്ങള്‍,അതിനോടൊപ്പം ഈ ആപകടവും .വല്ല്യമ്മക്ക് തീരെ വയ്യാതായി. വീടുകളില്‍ കുട്ടികളെ നോക്കാന്‍ പോകല്‍ നിര്‍ത്തി.
എനിക്ക് ബി.എഡിന്റെ പരീഷക്ക് മുന്നേയുള്ള ഒരു അവധിദിവസം. പഠനച്ചൂട് തലയ്ക്ക് പിടിച്ച് എരിപിരികൊണ്ട് നടക്കുന്ന സമയം. വല്ല്യമ്മയ്ക്ക് മൂത്രതടസ്സം വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി എന്ന് ഒരു ഫോണ്‍. അച്ഛനും,അമ്മയും ആശുപത്രിയിലേക്ക് തിരിച്ചു. വൈകിട്ട് അവര്‍ തിരിച്ചെത്തിയപ്പോള്‍ പറഞ്ഞു വല്ല്യമ്മക്ക് ബോധവും ഇല്ല.. വല്ലാത്ത അവസ്ഥയാണെന്ന്. കൂടെ ഒന്നുകൂടി..ഇടയ്ക്ക് കണ്ണുതുറക്കുമ്പോള്‍ അവരുടെ ചുണ്ടുകള്‍ പതുക്കെ അനങ്ങുന്നത് എന്റെ പേരുപറയാന്‍ മാത്രമാണെന്ന്!! പിറ്റേന്ന് അമ്മയോടൊപ്പം വരാന്‍ അമ്മ നിര്‍ബന്ധിച്ചു.ഞാന്‍ കൂട്ടാക്കിയില്ല.അതിന്റെ പിറ്റേന്നത്തെ പരീക്ഷ കഴിഞ്ഞ് നേരെ ആശുപത്രിയില്‍ പൊകാം എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ..എന്റെ പരീക്ഷ കഴിയാന്‍ വല്ല്യമ്മ കാത്തുനിന്നില്ല.. കഥകളില്ലാത്ത,പാട്ടുകളില്ലാത്ത ഒരു ലോകത്തെക്ക് അവര്‍ യാത്രയായി.
വല്ല്യമ്മയുടെ അടിവയറിന് ശക്തമായ പ്രഹരം ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.അതുകൊണ്ടാണെത്രേ മൂത്രതടസ്സം വന്നത്. മരണത്തിനു തൊട്ടുമുമ്പുപോലും വല്ല്യമ്മ ആകെ ചോദിച്ചത് എന്നെ മാത്രമാണെന്ന് അമ്മ പറഞ്ഞപ്പോള്‍ ചെയ്ത തെറ്റിന്റെ ആഴം ഞാന്‍ തിരിച്ചറിഞ്ഞു. തിരുത്താനാവാതെ..ആ തെറ്റിനു മുന്നില്‍ ഇന്നും ഞാന്‍ നില്‍ക്കുന്നു.

ആ സ്നേഹമായിരുന്നു എന്റെ ആത്മാവിന്റെ സുകൃതമെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോഴെക്കും സമയം ഒരുപാട് വൈകി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..കണക്കുപറച്ചിലുകളില്ലാതെ..എന്നെ സ്നേഹിച്ച വല്ല്യമ്മ..എന്റെ ബാല്യത്തില്‍ ഞാന്‍ കേട്ട കഥകള്‍,പാട്ടുകള്‍ എല്ലാം ആ ശബ്ദമായിരുന്നു..ഇന്ന് എന്റെ അമ്മുവിന് ഞാന്‍ കുട്ടന്റെയും,മുട്ടന്റേയും കഥ പറഞ്ഞുകൊടുക്കുന്നു..കണ്ണുകള്‍ വിടര്‍ത്തി..വല്ല്യമ്മയേപ്പോലാവാന്‍ ശ്രമിച്ചുകൊണ്ട്. ഒന്നും ചെയ്ത തെറ്റിന് പരിഹാരമാവില്ലെന്നറിയാം..എങ്കിലും..ഒന്നു മാത്രം..വല്ല്യമ്മയ്ക്ക് നല്‍കാന്‍ എനിക്കിതേയുള്ളൂ..ഈ അക്ഷരങ്ങള്‍ മാത്രം!!

ഇന്ന് ഒരു നനുത്ത തലോടലായെത്തി ഈ ഓര്‍മകളിലേക്കെന്നെ എത്തിച്ച ഇവിടത്തെ വല്ല്യമ്മയ്ക്കും നന്ദി!

12 comments:

വാണി said...
This comment has been removed by the author.
വാണി said...

ആ സ്നേഹമായിരുന്നു എന്റെ ആത്മാവിന്റെ സുകൃതം എന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഒരുപാട് വൈകിയിരുന്നു......

Anonymous said...

നീഹാരം -

മനസിനെ വല്ലാതെ സ്പര്‍ശിച്ചു... അവസാന ഭാഗമായപ്പോഴെക്കും കണ്ണിനെ നനയിപ്പിച്ചല്ലോ ... ഇങ്ങനെയുള്ള ഒരു പാടു സുകൃതങ്ങള്‍ നിറഞ്ഞതാതാണ് നമ്മുടെ ജീവിതം...

വളരെ വളരെ നന്നായി... നല്ല ശൈലിയും

- ആശംസകളോടെ , സന്ധ്യ :)

സഹയാത്രികന്‍ said...

"ഒന്നും ചെയ്ത തെറ്റിന് പരിഹാരമാവില്ലെന്നറിയാം..എങ്കിലും..ഒന്നു മാത്രം..വല്ല്യമ്മയ്ക്ക് നല്‍കാന്‍ എനിക്കിതേയുള്ളൂ..ഈ അക്ഷരങ്ങള്‍ മാത്രം!!"

നന്നായി എഴുതി.... മനസ്സിലൊരു നൊമ്പരം ബാക്കി... നഷ്ടങ്ങള്‍, അതൊരു തിരിച്ചറിവ് തന്നെയാണല്ലേ....?

മയൂര said...

ഉള്ളില്‍ തട്ടിയ എഴുത്തും വരികളും .... നന്നായിട്ടുണ്ട്....

ശ്രീ said...

“അച്ഛന്‍ നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് കാണാന്‍ എനിക്ക് പറ്റൂല്ല ചക്കരേ..”.

ചേച്ചീ...
ഈ വരികള്‍‌ ശരിക്കും മനസ്സിനെ സ്പര്‍‌ശിച്ചു. സത്യത്തില്‍‌ കണ്ണു നിറഞ്ഞു. മനപ്പൂര്‍‌വ്വമല്ലെങ്കിലും ചെയ്തു പോയി എന്നു തോന്നുന്ന തെറ്റിന്‍ പരിഹാരമാകുന്നു, ഈ തിരിച്ചറിവും ഓര്‍‌മ്മക്കുറിപ്പും. മറ്റേതോ ലോകത്തിരുന്ന് ആ വല്യമ്മ ഇപ്പോള്‍‌ സന്തോഷിക്കുന്നുണ്ടാകണം.

ഉറുമ്പ്‌ /ANT said...

“അച്ഛന്‍ നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് കാണാന്‍ എനിക്ക് പറ്റൂല്ല ചക്കരേ..”.

വളരെ നന്നായി...

d said...

നല്ല കഥ.. എന്റെ വല്യമ്മയെ ഓര്‍മ്മിപ്പിച്ചു

:(

Manoj മനോജ് said...

ഒരു പക്ഷേ... ബാല്യകാലത്ത് ആ വലിയമ്മ പകറ്ന്ന് തന്ന കഥാനുഭവമകാം... നീഹാരത്തില് നിറഞ്ഞ് നില്‍ക്കുന്നത്....

rustless knife said...

:(

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നമ്മളെ നിലനിര്‍ത്തുന്ന സ്നേഹങ്ങളെ എങ്ങനെ ഒക്കെയാണ്'
ശിക്ഷിക്കുന്നത് .നല്ല കഥ.

വാണി said...

സന്ധ്യാ...ആശംസകള്‍ക്കും,അഭിപ്രായങ്ങള്‍ക്കും നന്ദി.

സഹയാത്രികന്‍..നഷ്ടങ്ങള്‍..തീര്‍ച്ചയായും അതൊരു തിരിച്ചറിവു തന്നെ! പക്ഷേ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന പോലെയാണ് നമ്മുടെ കാര്യം പലപ്പോഴും! :(

മയൂരാ...നന്ദി.

ശ്രീ..ഏറെ സന്തോഷം.

ദീപൂ..ഉറുമ്പ്..വീണാ..നന്ദി.

മനോജ്..ശരിയാണ്. എനിക്ക് കിട്ടിയിട്ടുള്ള ഇത്തരം ചില സ്നേഹങ്ങള്‍ തന്നെയാണ് ഞാന്‍ എന്ന വ്യക്തിയെ തന്നെ രൂപപ്പെടുത്തിയത്.

വൈവസ്വതന്‍..കിലുക്കാമ്പെട്ടീ..ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി...:)