Wednesday, August 8, 2007

‘അമ്മ ഭൂമിയും അച്ഛന്‍ ആകാശവുമാണ്..!’

വെയിലിന്റെ പരപ്പു പോലെ..മഴയുടെ ചാറ്റല്‍ പോലെ സമ്പന്നമായ ഒരു ബാല്യം. കുടുക്കയിലെ മഞ്ചാടിമണികളും,പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലിയും, കണ്ണാടിപ്പാത്രത്തില്‍ സൂക്ഷിച്ച വളപ്പൊട്ടുകളുമൊക്കെ നെഞ്ചോട് ചേര്‍ത്തുതന്നെ കടന്നു പോന്ന കൌമാരം..ഞാന്‍ എന്ന വ്യക്തിയിലേക്കുള്ള ദൂരം ഇതൊക്കെത്തന്നെയാണ്. ഇവിടെ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്ന ചിലരുണ്ട്. മണ്ണും,മനസ്സും തൊട്ടറിയാന്‍ പഠിപ്പിച്ച ചിലര്‍..അവരില്ലാതെ,അവരുടെ ഓര്‍മകളില്ലാതെഎനിക്ക് നിലനില്‍പ്പില്ല. വികാരങ്ങള്‍ അക്ഷരങ്ങളിലേക്ക് പകരാന്‍ ആവുമോ എന്നറിയില്ല. എങ്കിലും കുറിയ്ക്കുകയാണിവിടെചില തോന്ന്യാക്ഷരങ്ങള്‍..

‘അമ്മ ഭൂമിയും,അച്ഛന്‍ ആകാശവുമാകുന്നു’.അതെ..ചൂണ്ടുവിരലില്‍ മുറുകെ പിടിച്ച് അമ്മയോടൊപ്പം നടക്കുമ്പോള്‍ അമ്മ പകര്‍ന്നുതന്നത് ആ മനസ്സിന്റെ മുഴുവന്‍ നന്മയും ആയിരുന്നു. ഇന്നും ഫോണ്‍ വിളികളില്‍ വീടിന്റെ,നാടിന്റെ വിശേഷങ്ങള്‍ മുഴുവന്‍ വാതോരാതെ അമ്മ പറയുമ്പോള്‍ നാട്ടിലെത്തിയ അനുഭവം! പക്ഷേ അമ്മയ്ക്കു സങ്കടമാണ്..തൊടിയില്‍ കായ്ച്ച കുമ്പളങ്ങകള്‍ കാണുമ്പോള്‍..മുറ്റത്തെ ചക്കരമാവില്‍ തുടുത്ത മാമ്പഴങ്ങള്‍ കാണുമ്പോള്‍..എന്തിന്..ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരത്തിന്റെ ഓര്‍മപോലും അമ്മയ്ക്കു സങ്കടകാരണമാകുന്നു. മാസാവസാനം ഡോളറുകള്‍ വാരിക്കൂട്ടി ബാങ്ക് ബാലന്‍സ് ലക്ഷങ്ങളിലേക്കെത്തിക്കാന്‍ മക്കള്‍പെടുന്ന ‘പെടാപ്പാട്’ അമ്മയ്ക്കു മനസ്സിലാകില്ലല്ലൊ..!!!

അച്ഛന്‍..ആവശ്യത്തിനും,അനാവശ്യത്തിനും മക്കളെച്ചൊല്ലി ആവലാതിപ്പെടുന്ന അച്ഛന്‍..നിസ്സാരകാര്യങ്ങളും അച്ഛനു വലുതാണ്. പെണ്മക്കള്‍ ഉണ്ടായതില്‍ അഭിമാനിക്കുന്ന അച്ഛനെ കാണുമ്പോള്‍ ചിലപ്പോളൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്..ഇത്രയും മക്കളെ സ്നേഹിക്കാന്‍ എനിക്കാവുമോ എന്ന്! പുറമേ പരുക്കനായ അച്ഛന്റെ ഉള്ള് തൊട്ടറിഞ്ഞ ഒരു സന്ദര്‍ഭം കുറിക്കട്ടേ ഇവിടെ..ഏതൊരു പെണ്‍കുട്ടിയുടെ അച്ഛനും ഏറെ അഭിമാനത്തോടെയും, അതിലേറെ സങ്കടത്തോടെയും ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് അവളുടെ വിവാഹം. വിവാഹത്തിനു മുമ്പ് ദക്ഷിണ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. കുടുംബത്തിലെ കാരണവന്മാര്‍ക്കെല്ലാംദക്ഷിണ കൊടുക്കും. അവസാനം അച്ഛനും,അമ്മയ്ക്കും ദക്ഷിണ കൊടുത്ത് അവരുടെ കാല്‍ തൊട്ട് വന്ദിച്ച് വീടിന്റെ പടിയിറങ്ങുന്നഒരു രംഗം. അത്ര നേരവും ഓടിനടന്ന് കല്ല്യാണം നടത്തുകയായിരുന്ന അച്ഛന്റെ കൈകളിലേക്ക് ദക്ഷിണ നല്‍കി ഞാന്‍ കാല്‍ തൊടാന്‍ കുനിഞ്ഞതും അച്ഛന്‍ ചേര്‍ത്തുപിടിച്ചു. ചങ്കുപറിച്ചെടുക്കുന്ന വേദന അന്ന് ഞാന്‍ അറിഞ്ഞു. എനിക്കും,അച്ഛനും നിയന്ത്രിക്കാനായില്ല. പക്ഷേ അല്‍പ്പം കഴിഞ്ഞ് പതിവു ശൈലിയില്‍ കൈ ചൂണ്ടി അച്ഛന്‍ പറഞ്ഞു..”കല്ല്യാണത്തിന് ഒരുങ്ങീട്ടാണ് അവള്‍ടെ കരച്ചില്‍..!ദേ..ആ കണ്മഷി മുഴുവന്‍ പരന്നു..ഹാ..”. അപ്പോള്‍ അച്ഛന്റെ മനസ്സില്‍ എന്തായിരുന്നെന്ന് എനിക്ക് നന്നായറിയാമായിരുന്നു. പറയുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വാങ്ങിത്തന്ന് വായനയുടെ ലോകം എനിക്കു മുന്നില്‍ തുറന്ന അച്ഛന്‍ എന്റെ ആകാശം തന്നെയാണ്, അന്നും..ഇന്നും..! ഇവിടെ ഈ അച്ഛന്റേയും,അമ്മയുടേയും മകളായി ജനിക്കാനായതില്‍ ഞാന്‍ ആരോടാണ് നന്ദി പറയേണ്ടത്??!!

ഇവരെക്കുറിച്ചു പറയാതെ എന്റെ ഓര്‍മകള്‍ ഒരിക്കലും പൂര്‍ണ്ണമാകില്ല. ഓര്‍മകളുടെ വഴിയില്‍ നിങ്ങള്‍ക്ക് ഇവരെ ഇനിയും കാണാന്‍ കഴിഞ്ഞേക്കാം. അപ്പോള്‍ ഒരു അപരിചിതത്വം ഉണ്ടാകാതിരിക്കാനായാണ് ഈ പരിചയപ്പെടുത്തല്‍.
എന്റെ ദൈവങ്ങള്‍ ഇവരാണ്. ഗുരുവിനെ കുറിച്ച് ഞാന്‍ അറിഞ്ഞത്..ദൈവത്തെ കുറിച്ച് ഞാന്‍ കേട്ടത്..ഇവരിലൂടെയാണ്.

18 comments:

വാണി said...

അമ്മ ഭൂമിയും അച്ഛന്‍ ആകാശവുമാകുന്നു....

പ്രതിഭാസം said...

ഹൃദയം തൊട്ടുള്ള എഴുത്ത്. വായിച്ചപ്പോള്‍ മനസ്സിലാകെ ഒരു വെളിച്ചം വീശിയ പ്രതീതി.
തുടരട്ടെ വാണ്യേച്ചീ....

arun said...

വാണീ..
പതിവ് പോലെ വളരെ മനോഹരമായ ഹൃദയസ്പര്‍ശിയായ എഴുത്ത്!

വായനക്കാരനെയും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കാന്‍ നിര്‍ബന്ധിതനാക്കുന്നു(ഇതിനൊക്കെ വാണിയോട് ദൈവം ചോദിച്ചോളും ;))

അനില്‍ശ്രീ... said...

പ്രിയ വാണീ.....
ഇക്കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ അഛനേയും അമ്മയേയും നഷ്ടപ്പെട്ട എനിക്കു അവരുടെ ഓര്‍മകള്‍ മറ്റൊരു തലത്തില്‍ കാണിചു തന്നതിനു നന്ദി.

മയൂര said...

മനസ്സിലെക്ക് ആഴ്‌ന്നിറങ്ങുന്ന വരികള്‍...

rustless knife said...

വാണ്യേച്ചിയേയ്‌... പറഞ്ഞതു മുഴുവന്‍ ഹൃദയം തൊടുന്ന സത്യം ... ഇനിയും വാക്കുകള്‍ക്കായി കാത്തിരിക്കുന്നു...

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

വാണി തിരിച്ചുവന്നു അല്ലേ.. നന്നായി എഴുത്ത്... പ്രവാസിയുടെ വഴിയില്‍ തലമുറകള്‍ക്കിടയില്‍ ഊറിക്കൂടുന്ന കണ്ണീരിനെപ്പറ്റി ഒരു നല്ല രചന site ഇവിടെയുമുണ്ട് . ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ്

ദീപു : sandeep said...

എന്തിനാ എന്നെ കരയിക്കുന്നത്‌, ഞാനൊരു പാവമല്ലേ... തിരിഞ്ഞുനോക്കരുതെന്ന്‌ പലരും പറഞ്ഞു. പക്ഷെ എനിയ്ക്കതിനു കഴിയുന്നില്ല. എന്നെ ഞാനാക്കിയതില്‍ (ഞാന്‍ ഒരു സംഭവമൊന്നുമല്ലേലും, ഞാനെന്ന വ്യക്തി ആക്കിയതില്‍) അച്ഛന്റേയും അമ്മയുടേയും അമ്മൂമ്മയുടേയും ചേട്ടന്റേയും പിന്നെ ആരുടേയൊക്കെയോ എല്ലാം പ്രാര്‍ഥനകളും അനുഗ്രഹങ്ങളും ഉണ്ടാ‍യിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു.

നന്ദി :)

Dandy said...

ഈ ബ്ലോഗിന്‌ എല്ലാവിധ ഭാവുകങ്ങളും.....എല്ലാ ഓര്‍മ്മകളും ഇവിടെ കുറിക്കൂ....

ഹരിയണ്ണന്‍@Hariyannan said...

വാക്കും അര്‍ത്ഥവും പോലെ..
അത്രയേറെയിഴുകിച്ചേര്‍ന്നിരിക്കുന്നു അച്ഛനുമമ്മയുമെന്ന് കവി..!
വളര്‍ന്ന് വലുതായ മക്കള്‍ വാക്കുകളില്‍ അവരെയോര്‍ക്കുന്നു...അര്‍ത്ഥത്തിലോ..?!
എന്റെ അമ്മക്കു പനിവന്ന് കിടപ്പിലായകാര്യം ഫോണിലൂടെപ്പറയുമ്പോള്‍...അച്ഛന്റെ ശബ്ദത്തിലെ നിരാശകലര്‍ന്നപതര്‍ച്ച ഞാനറിഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെ ശബ്ദത്തിലും വന്നേക്കാവുന്ന അതേ പതര്‍ച്ച...

നന്നായി വാണീ...നല്ല ഉദ്യമം..നല്ല വരികള്‍...

Inji Pennu said...

വാണിക്കുട്ടി...
..”കല്ല്യാണത്തിന് ഒരുങ്ങീട്ടാണ് അവള്‍ടെ കരച്ചില്‍..!ദേ..ആ കണ്മഷി മുഴുവന്‍ പരന്നു..ഹാ..”.

എന്റെ അപ്പന്‍ പറഞ്ഞു, ഇത്രേം മേക്കപ്പ് ഒക്കെ ചെയ്തിട്ട് ഇരുന്ന് കരയുന്നൊ എന്ന്, എന്നെ ചേര്‍ത്ത് പിടിച്ച് അപ്പനു പടിയിറങ്ങാന്‍ നേരം സ്തുതി കൊടുത്തപ്പോള്‍. ഇവരൊക്കെ ഒരു സ്കൂളിലാവും പഠിച്ചതല്ലേ? അച്ഛന്മാര്‍ക്കുള്ള സ്കൂള്‍, പെണമക്കളുണ്ടായതില്‍ പിന്നെ?....

വാണി said...

പ്രതിഭാസം...നന്ദി

അരുണ്‍...നന്ദി.പലപ്പോഴും തിരിഞ്ഞുനോക്കുമ്പോഴാണ് കടന്നുപോന്നവഴികളുടെ മഹിമ നമുക്ക് മനസ്സിലാക്കാനാകുക..അല്ലേ..

അനില്‍..നിങ്ങളുടെ ഓര്‍മകളിലേക്കും എത്തിക്കാന്‍ ഈ കുറിപ്പിനാ‍ായെങ്കില്‍ എനിക്ക് ഏറെ സന്തോഷം..

മയൂരാ..അഭിപ്രായത്തിനു നന്ദി..

വൈവസ്വതന്‍..സന്തോഷം ഈ വാക്കുകള്‍ കേട്ടതില്‍..

മനൂ..അല്‍പ്പം തിരക്കുകള്‍ ആയിരുന്നു.ബ്ലോഗില്‍ കടന്നിട്ട് കുറേ ആയി..
ഇഞ്ചിയേച്ചിയുടെ പോസ്റ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി...

ദീപൂ..ഡാന്‍ഡീ..നന്ദി.

ഹരിലാല്‍..പറഞ്ഞത് പകലു പോലെ സതം..

ഇഞ്ചിയേച്ചീ ..ഈ വഴി വന്നതില്‍ ഏറെ സന്തോഷം..
ശരിയാണ്...നമ്മുടെ ഒക്കെ അച്ഛനമ്മമാര്‍ ഒരേ സ്കൂളില്‍ ആയിരുന്നിരിക്കും...സംശയമില്ല...

Unknown said...

പ്രതി ചേച്ചി പറഞ്ഞതു പോലെ ഹൃദയത്തില്‍ തൊട്ടുള്ള എഴുത്ത്..വെറും തൊടലല്ല,മാന്തി പൊളിക്കുന്നതു പോലെയുണ്ട്...

Unknown said...

Hi Vani,

Nice translation of facts into few lines... Keep up the good work.. All the very best.

Regards
Anish

ശ്രീ said...

"അമ്മയ്ക്കു സങ്കടമാണ്..തൊടിയില്‍ കായ്ച്ച കുമ്പളങ്ങകള്‍ കാണുമ്പോള്‍..മുറ്റത്തെ ചക്കരമാവില്‍ തുടുത്ത മാമ്പഴങ്ങള്‍ കാണുമ്പോള്‍..എന്തിന്..ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരത്തിന്റെ ഓര്‍മപോലും അമ്മയ്ക്കു സങ്കടകാരണമാകുന്നു."

ചേച്ചീ, വളരെ ആത്മാര്‍‌ത്ഥമായ എഴുത്ത്. ഒരര്‍‌ത്ഥത്തില്‍‌ എല്ലാ അച്ഛനമ്മമാരും ഒരേ പോലെ തന്നെ ആകുന്നു, മക്കളുടെ കാര്യത്തിലെങ്കിലും.
:)

JiShNu NaKsHaNiTa..... said...

ente chechiyude vakkukal kettittu enikku valare santhosham undu....karanam chechiyude eeeee kazhivu .......chechi iniyum ezhuthanam ennu chechiyude swantham,
jishnu

pokas said...

വാണിച്ചേച്ചീ,

വളരെ നല്ല എഴുത്ത്.ഇങ്ങനെ വായിച്ചോണ്ടിരിക്കാന്‍ നല്ല രസമുള്ള വരികള്‍.ഇനിയും ഇനിയും എഴുതുക..