Wednesday, October 24, 2007

ഒരായിരം വിശേഷങ്ങളുമായി അമ്മാമ്മ..!!

അമ്മാമ്മ- ഓര്‍മയില്‍ നിറയുന്നത് പച്ചരിച്ചോറിന്റെ മണവും,മൈദകൊണ്ടുണ്ടാക്കിയ വരണ്ട ചപ്പാത്തിയുടെ രുചിയുമാണ്. ആ കൊച്ചു വീടിന്റെ മുറ്റത്തെ സജീവസാന്നിദ്ധ്യമായിരുന്നു അമ്മാമ്മ. കഷ്ടി നാലടിപൊക്കവും,തുടുത്ത കവിളുകളും,പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയും , വാതോരാതെയുള്ള വിശേഷം പറച്ചിലുകളൂം-അമ്മാമ്മ കാഴ്ചയില്‍ ഒരുകുഞ്ഞിനേപ്പോലെ തോന്നിപ്പിച്ചു.അരയില്‍ മുറുക്കിയുടുത്ത കൈലിയും,ബ്ലൌസും-അതായിരുന്നു അമ്മാമ്മയുടെസ്ഥിരംവേഷം. കൈലിയുടെ വലത്തേ അറ്റം പൊക്കി മേലോട്ടു കുത്തി അമ്മാമ്മ കൊക്കോപ്പഴങ്ങള്‍ പെറുക്കിക്കൂട്ടി. പലപ്പോഴും അച്ഛന്റെ പിറകേ ശല്യമായിനടന്ന് അനുവാദം വാങ്ങി അമ്മാമ്മയുടെ വീട്ടിലേക്കോടുമായിരുന്നു,ആ കൊക്കോപ്പഴങ്ങളുടെ പുളിയും,മധുരവും നുണയാന്‍. റേഷനരിയിലെകല്ലും,പുഴുക്കളും പെറുക്കിക്കളഞ്ഞ് അമ്മാമ്മ വെക്കുന്ന ചോറിന്റെ മണം എന്നെ വല്ലാതെ കൊതിപ്പിക്കുമായിരുന്നു. വീടിന്റെ തിണ്ണയിലിരുന്ന് ഞാനും, അനിയത്തിയും പച്ചരിച്ചോറില്‍ തൈരു കൂട്ടിക്കുഴച്ച് വലിയ ഉരുളകളാക്കി വായിലേക്കെറിഞ്ഞു. ചോറുരുളകള്‍ കയ്യില്‍ ഞെരുങ്ങിയമര്‍ന്ന് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്കു തള്ളി.പിന്നീട് വളര്‍ന്നപ്പോള്‍[?] എപ്പോഴോ ആ മണം എനിക്കിഷ്ടമല്ലാതായി. പീച്ചിക്കുഴച്ചുണ്ണത് എനിക്കു നാണക്കേടായി!

അമ്മാമ്മയുടെ വീടും,എന്റെ വീടും തമ്മിലുള്ള വേര്‍തിരിവ് ചെറിയൊരു ഈടു മാത്രമാണ്. അപ്പുറം അമ്മാമ്മയും,ഇപ്പുറം അമ്മയും നിന്ന് ഒരുപാടുവിശേഷങ്ങള്‍ പങ്കിട്ടു. കിണറ്റിന്‍ കരയിലും,അലക്കു കല്ലിനു ചാരെയുംനിന്ന് അവര്‍ ആഗോളകാര്യങ്ങള്‍ സംസാരിച്ചു. അമ്മാമ്മയുടെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും അവസാനമുണ്ടായിരുന്നില്ല. ഒന്നിനു പിറകേ ഒന്നായി അവര്‍ വിശേഷങ്ങള്‍ അന്വേഷിച്ചു. 'ഇന്നലെ ആരാ വീട്ടില്‍ വന്നത്? അവരുടെ വീട്ടില്‍ ആരൊക്കെയാണ്? അവരുടെ മകളെ കല്ല്യാണം കഴിച്ചതെവിടേ? അവിടെആരൊക്കെ?"
അങ്ങിനെയങ്ങിനെ ചോദ്യങ്ങള്‍ ചങ്ങലകളായി പലപ്പോഴും അമ്മയെവരിഞ്ഞുമുറുക്കി. തൊണ്ടപൊട്ടുമാറുച്ചത്തില്‍ വീടിനകത്തുനിന്ന് ഞാന്‍വിളിക്കുന്ന വിളികള്‍ അമ്മയെ പലപ്പോഴും ആ ചങ്ങലകളില്‍ നിന്ന്മോചിതയാക്കി.

മുറ്റത്തിനരികില്‍ പടര്‍ന്നു പന്തലിച്ച പല തരം ചെമ്പരത്തികള്‍ കാലഭേദമില്ലാതെ ഇലപൊഴിച്ചു. മുറ്റമടിക്കല്‍ എന്ന വന്‍വിപത്ത് എന്റെ തലയിലായി.ചുലുമെടുത്ത് വീടിനു ചുറ്റും ഞാന്‍ നടത്തിപ്പോന്ന ഓട്ടപ്രദക്ഷിണം അമ്മ കയ്യോടെ പിടികൂടി. മുറ്റമടിക്കല്‍ എങ്ങിനെആനന്ദപ്രദമാക്കാം എന്ന് തലപുകഞ്ഞാലോചിച്ച് ഒടുവില്‍ ഞാനൊരു മാര്‍ഗ്ഗംകണ്ടെത്തി. എന്റെ വീട്ടില്‍ ഇല്ലാത്തതും,എന്നാല്‍ എനിക്ക് വേണമെന്ന് മോഹമുള്ളതുമായ കാര്യങ്ങള്‍ സ്വപ്നം കാണുക. ആ സ്വപ്നത്തിലൂടെ അങ്ങിനെ നടന്നു നടന്ന് മുറ്റമടിക്കുക..അങ്ങിനെ എന്റെ സ്ഥിരം സ്വപ്നങ്ങളില്‍വിരുന്നുകാരായി വെളുത്തു തുടുത്ത ഗോദറേജ് ഫ്രിഡ്ജും, ഇരുപത്തൊന്നിഞ്ച് ഒണീഡാ ടി.വിയും, എപ്പോഴും ബെല്ലെടിക്കുന്ന ഒരു വെളുത്ത ഫോണുമൊക്കെ ആടയാഭരണങ്ങളോടെ വിളയാടാന്‍ തുടങ്ങിയ കാലം..എന്റെ സ്വപ്നങ്ങള്‍ക്ക്കടയ്ക്കല്‍ കത്തി വെച്ച് അമ്മാമ്മ ഈടിനപ്പുറം ചൂലുമായി പ്രത്യക്ഷപ്പെട്ടു.പിന്നീട് മുറ്റമടിക്കലിനേക്കാള്‍ ഭാരമുള്ളതായി അമ്മാമ്മയുടെ കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത്!ചോദ്യങ്ങളുടെ ഭാരവും പേറി ,തളര്‍ന്നു വീണ ചെമ്പരത്തി ഇലകളോടൊപ്പം ഞാന്‍നിന്നു. എന്റെ മുറ്റമടിക്കല്‍ പ്രക്രിയ പ്രഭാതങ്ങളുടെ മുക്കാല്‍ സമയവും അങ്ങിനെ തൂത്തുവാരി. ഒടുവില്‍ അമ്മാമ്മയുടെ ഒരായിരം ചോദ്യങ്ങളെ തൂത്തെറിഞ്ഞ് ചൂലുമായി ഞാന്‍ എന്റെ സ്വപ്നങ്ങളോടൊപ്പം അമ്മാമ്മയ്ക്കു മുമ്പേയും,ചിലപ്പോഴൊക്കെ പിമ്പേയും പാഞ്ഞു.

വളര്‍ന്നപ്പോള്‍ പലപ്പോഴുംഅമ്മാമ്മയുമായുള്ള കൂടിക്കാഴ്ച്ചകള്‍ കിണറ്റിന്‍ കരയില്‍ മാത്രമായിഒതുങ്ങി..ഞാന്‍ ഒതുക്കി.പരിചയമുള്ള ഒരായിരം ആളുകളുടെ വിശേഷങ്ങള്‍ അമ്മാമ്മ നിരത്താന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പതുക്കെ അകത്തേക്കു വലിഞ്ഞ് തടിച്ച പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി. എന്റെ മുറിയുടെ ജനാല തുറക്കുന്നത് അമ്മാമ്മയുടെ മുറ്റത്തേക്കാണ്. ഞാന്‍ കഴിയുന്നതും ആ ജനാല അടച്ചിടാന്‍ ശ്രദ്ധിച്ചു. അങ്ങിനെ വിശേഷം പറച്ചിലുകള്‍ വല്ലപ്പോഴും മാത്രമായി. ഇടയ്ക്കിടെ അമ്മ ഓര്‍മിപ്പിക്കുമായിരുന്നു..'പ്രായമായ സ്ത്രീഅല്ലേ..ഇടയ്ക്ക് നിങ്ങള്‍ ചെല്ലണം.."

ഒടുവില്‍ അനേകം മൈലുകള്‍ക്കപ്പുറത്തേയ്ക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു..വിവാഹം! അവിടെ ഞങ്ങളുടെ ജനാലകള്‍ അടുത്ത വീടിന്റെ മുറ്റത്തേയ്ക്ക് തുറന്നില്ല. സ്വപ്നംകണ്ട് ഞാന്‍ മുറ്റമടിച്ചില്ല. അപ്പുറത്തെ മുറ്റത്തു നിന്ന് ഒരമ്മാമ്മയും ചോദ്യങ്ങള്‍ നിരത്തിയില്ല. മുറ്റമടിയ്ക്കാനെത്തുന്ന സരോജിനി ചേച്ചിയും,പിന്നീട് ജയശ്രീയും ചിലപ്പോഴെല്ലാം മതിലനപ്പുറത്തേക്ക് തലനീട്ടുന്നത് ഞാന്‍ കണ്ടു. വെളുത്തമുണ്ടും,ബ്ലൌസുമിട്ട് മാധവിയേടത്തി ജയശ്രീയോടും,സരോജിനി ചേച്ചിയോടുംസംസാരിച്ചു. വലുതായ ശേഷം അവിടെ നിന്നാണ് ആദ്യമായി അമ്മാമ്മയെ ഞാന്‍ സ്നേഹിച്ചത്. വിശേഷങ്ങള്‍ തിരക്കാന്‍, ഒരായിരം ചോദ്യങ്ങളുമായി മാധവിയേടത്തി എനിക്ക് അമ്മാമ്മയായി വരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.പക്ഷേ..മാധവിയേടത്തിയുടെ വീടിനും,ഞങ്ങളുടെ ആ വീടിനും ഇടയിലുള്ള മതില്‍ ഏറെ വലുതായിരുന്നു.
പിന്നീട് വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ അമ്മാമ്മയുടെ വിശേഷങ്ങള്‍ക്കൊപ്പം മുറ്റമടിക്കാന്‍ തുടങ്ങി. ചോദ്യങ്ങള്‍ പലപ്പോഴും ശ്വാസംമുട്ടിച്ചെങ്കിലും ഞാന്‍ അതും ആസ്വദിക്കുകയായിരുന്നു. പിന്നീട് ഏട്ടന്റെ ജോലി..സ്ഥലം മാറ്റങ്ങള്‍...അങ്ങിനെ ഞങ്ങള്‍ടെ ജീവിതംപല സ്ഥലങ്ങളിലായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം നാട്ടില്‍ പോകും. ഷൈജി ബേക്കറിയില്‍ [ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ പേരുകേട്ട ബേക്കറി എന്നുതന്നെ പറയാം..]നിന്ന് വാങ്ങുന്ന ലഡുവും,നെയ്യപ്പവും ആദ്യമായി കാണുന്നപലഹാരം പോലെ അമ്മാമ്മ കൈനീട്ടി വാങ്ങും. വാര്‍ദ്ധക്യത്തിന്റെ അസ്വസ്ഥതകളോടൊപ്പം,ചെറുപ്പം മുതലേ ഉണ്ടായിരുന്നഹൃദ്രോഗവും അക്കാലത്ത് അമ്മാമ്മയെ ഏറെ തളര്‍ത്തിയിരുന്നു.

അഹല്യാദേവിയുടെ നഗരത്തില്‍ [ ഇന്‍ഡോര്‍-മദ്ധ്യപ്രദേശ്] താമസമാക്കിയ സമയം. അവിടെ നിന്ന് വര്‍ഷത്തില്‍ രണ്ടുതവണ എന്ന രീതിയില്‍ നാട്ടില്‍ പോക്ക് പതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു അമ്മാമ്മയ്ക്ക് തീരെ വയ്യ,കിടപ്പാണ് എന്ന്. പോയി കാണണമെന്ന് വിചാരിച്ചെങ്കിലും പല തിരക്കുകള്‍ കൊണ്ട് അതങ്ങു നീണ്ടു. ഒടുവില്‍ തിരിച്ചു പോരാന്‍ രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ഓര്‍മവന്നത്. നേരത്തേ പോയി കാണാത്തതിനു അച്ഛന്റെ വക വഴക്കും കഴിഞ്ഞ് ഞാന്‍ എന്നത്തേയും പോലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ഒരു പൊതി നെയ്യപ്പവുമായി അമ്മാമ്മയെ കാണാന്‍ ചെന്നു. കട്ടിലില്‍ വിരിച്ചിട്ട പായയില്‍ പകുതിയും മൂത്രത്തില്‍ മുങ്ങിയിരുന്നു. വീടിനകത്തേയ്ക്കു കടന്നപ്പോള്‍ അനുഭവപ്പെട്ടത് പച്ചരിച്ചോറിന്റെ മണമായിരുന്നില്ല, മൈദ കൊണ്ടുണ്ടാക്കിയചപ്പാത്തിയുടെ മണമായിരുന്നില്ല..മറിച്ച്..വാര്‍ദ്ധക്യത്തിന്റെ മണമായിരുന്നു..എന്തൊക്കെയോ മരുന്നുകളുടെ മണമായിരുന്നു..!!എന്നെ കണ്ടതും അമ്മാമ്മ കട്ടിലിന്റെ കാലില്‍ പിടിച്ച് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ഞാന്‍ തലയിണകള്‍ ഭിത്തിയില്‍ ചേര്‍ത്തുവെച്ച് അതില്‍ ചാരി അമ്മാമ്മയെ ഇരുത്തി. ഉച്ചിയില്‍ കെട്ടിവെക്കാന്‍ അമ്മാമ്മയ്ക്ക് ഇപ്പോള്‍ മുടിയില്ല. ചേര്‍ത്തുവെട്ടിക്കളഞ്ഞിരിക്കുന്നു. തുടുത്ത കവിളുകള്‍ ഒട്ടി,മുഖം വലിഞ്ഞുമുറുകിയിരിക്കുന്നു. എന്റെ കയ്യിലെ നെയ്യപ്പം വാങ്ങാന്‍ അമ്മാമ്മ കൈകള്‍ നീട്ടി. വിറയല്‍കൊണ്ട് അതു വാങ്ങാന്‍ അമ്മാമ്മയ്ക്ക് ആവുമായിരുന്നില്ല.
"ഒരെണ്ണം എടുത്തു താ.." അവ്യക്തമായി അമ്മാമ്മ പറഞ്ഞു.
ഞാന്‍ഒരെണ്ണമെടുത്ത് മുറിച്ച് അമ്മാമ്മയുടെ വായില്‍ വെച്ചു കൊടുത്തു.'
വയ്യ..തീരെ വയ്യ.."
പറയുമ്പോള്‍ അമ്മാമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
'എണീക്കാനേ വയ്യാന്നതാ മോളെ വിഷമം. എത്ര നാളാ ഇങ്ങിനെ..!"
തൊണ്ടയില്‍ തടയുന്ന ഭാരം ഞാനറിഞ്ഞു. അതു വിങ്ങലായിപുറത്തേക്കൊഴുകാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.
'നീയെന്താ മോളെ കൊണ്ടരാഞ്ഞത്?? ഞാനെത്ര നാളായി അവളെ ഒന്ന് കണ്ടിട്ട്!"
"അമ്മു നല്ല ഉറക്കാണു അമ്മാമ്മേ. ഞാന്‍ അടുത്ത തവണ എന്തായാലും അവളെകൊണ്ടുവരാം.." അമ്മുവിനു അന്ന് ഒന്നരവയസ്സാകുന്നു. സ്ഥലംമാറ്റവും,യാത്രകളും അവളെ വല്ലാതെ തളര്‍ത്തിയിരുന്നു.പുഷ്പചേച്ചിയുടെ [ അമ്മാമ്മയുടെ മകള്‍] വിശേഷങ്ങളും, കാര്‍ത്തുചേച്ചിയുടെ വീടുപണിയും എല്ലാം അമ്മാമ്മ ആവും വിധം പറഞ്ഞു കേള്‍പ്പിച്ചു. ഇന്‍ഡോറിനെപറ്റിയും,ഏട്ടന്റെ ജോലിയെ പറ്റിയുമെല്ലാം എന്തൊക്കെയോ ചോദിച്ചു. കുറച്ചുസമയം സംസാരിച്ചപ്പോഴേക്കും അമ്മാമ്മയ്ക്കു വയ്യാതായി. എന്നോട് അമ്മാമ്മയെകട്ടിലില്‍ കിടത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ അമ്മാമ്മയുടെ അടുത്ത്കുറച്ചു സമയം കൂടി ഇരുന്നു. പോരാന്‍ നേരം അമ്മുവിനേം കൊണ്ട് അമ്മാമ്മയെകാണാന്‍ ചെല്ലണം എന്ന് ഒന്നുകൂടി ഓര്‍മിപ്പിച്ചു.
ഒപ്പംമറ്റൊന്നും..സ്ഥിരം അമ്മാമ്മ ശൈലിയില്‍...
'ദേ കൊച്ചിനു വയസ്സ് രണ്ടാവാറായി. ഇനി അടുത്തത് ആവാം ട്ടോ.."
തിരിഞ്ഞു നിന്ന് ഞാന്‍ അമ്മാമ്മയെ നോക്കി ചിരിച്ചു.'
'ഈ വിശേഷങ്ങളാണ്, ഈ സ്നേഹമാണ് കുറേ കാലം ഞാന്‍ എന്നില്‍ നിന്ന് അകറ്റാന്‍പാടു പെട്ടത്..പിന്നെ ..ഇതിനാണ് ഞാന്‍ ഏറെ കൊതിച്ചത്...നഷ്ടമായപ്പോഴാണ് ഈ സ്നേഹത്തിന്റെ വില ഞാന്‍ നന്നായി മനസ്സിലാക്കിയത്..' അമ്മാമ്മയോട്എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ..ഞാനിറങ്ങുമ്പോ‍ഴേക്കുംകട്ടിലില്‍ ചുരുണ്ടുകൂടി അമ്മാമ്മ ഉറങ്ങാന്‍ തുടങ്ങി.

2006- ജൂലൈ 3
അമ്മയുടെ ഫോണ്‍ അമ്മാമ്മയുടെ വേര്‍പാട് വിളിച്ചറിയിച്ചു. അമ്മാമ്മയോടുള്ള കടം വീട്ടാന്‍ എനിക്കായില്ല. അമ്മുവിനേയും കൊണ്ട് അമ്മാമ്മയെ ചെന്നു കാണാന്‍ പിന്നീട് എനിക്കു കഴിഞ്ഞില്ല. ഞങ്ങളുടെ അമ്മുവിനു കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയി ആ വിശേഷങ്ങള്‍.. അവള്‍ക്കോര്‍മിക്കാന്‍ ഇത്തരം ചോദ്യങ്ങളില്ല..വിശേഷങ്ങളില്ല...
മറ്റൊരാളുടേയും വിശേഷങ്ങളില്‍ ചെന്നു പെടാതെ, ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യത്തിന്റെ വിശാലമായ ഭൂമിക നല്‍കി ഈ നാട്ടില്‍ അവള്‍ വളരുന്നു. അവള്‍ക്കോര്‍മിക്കാന്‍ പച്ചരിച്ചോറിന്റെ മണമില്ല...മൈദ കൊണ്ടുള്ള ചപ്പാത്തിയുടെ രുചിയില്ല..നാട്ടിന്‍ പുറത്തിന്റെ നന്മകളില്ല. എങ്കിലുംഇന്ന് എന്റെ വാക്കുകളിലൂടെ അവള്‍ അറിയുന്നു ഓരോന്നും...

ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് അവളുടെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ്.. 'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള്‍ തനിച്ച്................??"

10 comments:

വാണി said...

“ഞാന്‍ ഭയപ്പെടുന്നത് അമ്മുവിന്റെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ് ..
'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള്‍ തനിച്ച്...??‘”

അമ്മാമ്മയും,ഒരായിരം വിശേഷങ്ങളും....

മയൂര said...

" വീടിനകത്തേയ്ക്കു കടന്നപ്പോള്‍ അനുഭവപ്പെട്ടത് പച്ചരിച്ചോറിന്റെ മണമായിരുന്നില്ല, മൈദ കൊണ്ടുണ്ടാക്കിയചപ്പാത്തിയുടെ മണമായിരുന്നില്ല..മറിച്ച്..വാര്‍ദ്ധക്യത്തിന്റെ മണമായിരുന്നു..എന്തൊക്കെയോ മരുന്നുകളുടെ മണമായിരുന്നു..!!"

ഒരു കണക്കിനു അന്യനാട്ടിലേക്കുള്ള കൂടുമാറ്റം നല്ലതാണ്, അവ ഇങ്ങിനെയുള്ള ചില തിരിച്ചറിവുകള്‍ സമ്മാനിക്കുന്നു.
നന്നായിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് അവളുടെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ്.. 'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള്‍ തനിച്ച്................??"
മറുപടികളൊന്നും അധികമാവില്ല.ആശ്വസിക്കാം, വാക്കുകളിലൂടെ, വിരുന്നുകാരായെത്തുന്ന ചില ഒഴിവുകാലങ്ങളിലൂടെ അവര്‍ നാടിനെ മനസ്സിലാക്കിയേക്കാം.

ശ്രീ said...

“പലപ്പോഴും അച്ഛന്റെ പിറകേ ശല്യമായിനടന്ന് അനുവാദം വാങ്ങി അമ്മാമ്മയുടെ വീട്ടിലേക്കോടുമായിരുന്നു,ആ കൊക്കോപ്പഴങ്ങളുടെ പുളിയും,മധുരവും നുണയാന്‍. റേഷനരിയിലെകല്ലും,പുഴുക്കളും പെറുക്കിക്കളഞ്ഞ് അമ്മാമ്മ വെക്കുന്ന ചോറിന്റെ മണം എന്നെ വല്ലാതെ കൊതിപ്പിക്കുമായിരുന്നു.”

ചേച്ചീ...

ഈ വരികളിലൂടെ കടന്നു പോകുമ്പോള്‍‌ ഞാനും എന്റെ തറവാടിനെ പറ്റിയും അവിടുത്തെ എന്റെ അമ്മൂമ്മമാര്‍‌ (2 പേരുണ്ട്) ഉണ്ടാക്കിയിരുന്ന ആ പഴയ പച്ചരിച്ചോറിനെപ്പറ്റിയും കൊതിയോടെ അത് കഴിച്ചിരുന്നതിനെ പറ്റിയും എല്ലാം ഓര്‍‌ത്തു... നന്ദി.

അമ്മുവിനെ നമ്മുടെ നാടിനെക്കുറിച്ച് പറഞ്ഞു കൊടുത്താണ്‍ വളര്‍‌ത്തുന്നതെങ്കില്‍‌ എന്നെങ്കിലുമൊരിക്കല്‍‌ ആ ചോദ്യവും പ്രതീക്ഷിക്കാം, എന്തിനാണ്‍ അതെല്ലാം ഉപേക്ഷിച്ചതെന്ന ആ ചോദ്യം!

വളരെ നൊസ്റ്റാള്‍‌ജിക്കായ പോസ്റ്റ്.

സഹയാത്രികന്‍ said...

'ഈ വിശേഷങ്ങളാണ്, ഈ സ്നേഹമാണ് കുറേ കാലം ഞാന്‍ എന്നില്‍ നിന്ന് അകറ്റാന്‍പാടു പെട്ടത്..പിന്നെ ..ഇതിനാണ് ഞാന്‍ ഏറെ കൊതിച്ചത്...നഷ്ടമായപ്പോഴാണ് ഈ സ്നേഹത്തിന്റെ വില ഞാന്‍ നന്നായി മനസ്സിലാക്കിയത്..'


മനോഹരമായിരിക്കുന്നു... മനസ്സില്‍ത്തട്ടിയുള്ള എഴുത്ത്...

നഷ്ടങ്ങള്‍ അല്ലെങ്കില്‍ നഷ്ടപ്പെടലുകള്‍ ഒരു തിരിച്ചറിവാണ്....നമുക്ക് അതെന്തായിരുന്നെന്ന തിരിച്ചറിവ്...

ദീപു : sandeep said...

ചോറുരുളകള്‍ കയ്യില്‍ ഞെരുങ്ങിയമര്‍ന്ന് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്കു തള്ളി.പിന്നീട് വളര്‍ന്നപ്പോള്‍[?] എപ്പോഴോ ആ മണം എനിക്കിഷ്ടമല്ലാതായി. പീച്ചിക്കുഴച്ചുണ്ണത് എനിക്കു നാണക്കേടായി!

ഒരു കാലത്ത്‌ ഞാനും ഇങ്ങനെ തന്നെയായിരുന്നു... അന്നൊക്കെ അമ്മ വഴക്കു പറയും അപ്പോള്‍ കൂടുതല്‍ വാശിയോടെ പിന്നെയും അതുതന്നെ ചെയ്യും... വളര്‍ന്നപ്പോള്‍[?] ഞാനും നാണക്കേട്‌ കാരണം അതു നിര്‍ത്തി. :)

അമ്മാമ്മ... നൊ കമന്റ്സ്.

സാല്‍ജോҐsaljo said...

പിന്നിലെല്ലാം നഷ്ടപ്പെടുത്തിയുള്ള ഓട്ടമാണിത്. കണക്കെടുക്കാന്‍ നിന്നാല്‍, ആ സമയം കൊണ്ട് കുറെ വേദനകള്‍ വീണ്ടും പൊതിഞ്ഞുകൂടും.അമ്മാമയുടെ വേഷം മുതല്‍, സംസാരം, ഭക്ഷണം അങ്ങനെ എല്ലാമെല്ലാം കിറുക്കിനുമാത്രമല്ല, മലയാളിക്കേ അന്യമാവുകയാണ്. എല്ലാംവിട്ട്...തനിച്ച്...

കിറുക്കിന്റെ മറ്റൊരു സ്ലോ പോയ്സണ്‍ :)

ഗുപ്തന്‍ said...

നല്ല കുറിപ്പ്. ഭാഷ ശക്തമാകുന്നുണ്ട്.

(കഥയിലേതിനെക്കാള്‍ നല്ല ഭാഷ കുറിപ്പുകളില്‍ വരുന്നതിന്റെ രഹസ്യം ഹൃദയം കലര്‍ന്നു പോകുന്നതല്ലേ..ഇക്കാര്യം വാണിക്കു മാത്രമല്ല; ദേവസേനയുടെ കവിതകളില്‍ ഉള്ളതിനെക്കാള്‍ പൊള്ളിക്കുന്ന ഭാഷയാണ് ചിലപ്പോള്‍ കുറിപ്പുകളില്‍. ഞാനും പഴയകാലത്തേക്കുറിച്ചെഴുതിയാല്‍ അങ്ങനെ സംഭവിച്ചേക്കും)

അമ്മു ആ അവസാനത്തെ ചോദ്യം ചോദിക്കില്ല എന്നാണെന്റെ വിശ്വാസം. ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയും. നൊസ്റ്റാള്‍ജിയ മൂത്ത് എന്നെ തല്ലാന്‍ വരരുത്. കാരണം നാളത്തെ ലോകം അതിന്റെ സംസ്കാരം അതിരില്ലാത്ത മനുഷ്യന്റേതാ‍ണ്. വേരുകള്‍ക്ക് പഴയ ദൃഡത ഉണ്ടാവില്ല. അത് ആഗ്രഹിക്കുകയും അരുത്.

ഓ.ടോ... “സ്വപ്നംകണ്ട് ഞാന്‍ മുറ്റമടിച്ചില്ല..” കല്യാണം കഴിഞ്ഞ് മുറ്റമടിച്ചിട്ടേയില്ല എന്നല്ലേ സത്യം .. ഹഹഹ.

ഹരിശ്രീ (ശ്യാം) said...

വായിച്ചു. എന്താണെന്നറിയില്ല, കഥയിലെ അക്ഷരങ്ങള്‍ ഇടക്കിടെ മങ്ങുന്നതായി തോന്നി.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള്‍ തനിച്ച്...??‘”


ശരിയാ.. ജീവിക്കാനുള്ള തത്രപ്പാടില്‍ എന്നൊക്കെ പറയാമെങ്കിലും ഒരുപാടു നേടിക്കൊടുക്കുന്നു നമ്മള്‍ അവര്‍ക്കെങ്കിലും എന്തൊക്കെ നഷ്ടങ്ങള്‍...